വെള്ളാപ്പള്ളി അരുതാത്തത് പറയുന്നു: വി ഡി സതീശന്‍

കൊച്ചി : ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിൽനിന്ന് സമുദായ നേതാക്കൾ പിന്മാറണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മത, സാമുദായിക നേതാവ് പറയാൻപാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി നടേശൻ പറയുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനാരായണഗുരു പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത്. ഇത് ശ്രീനാരായണ ദർശനത്തിന് യോജിച്ചതല്ല. കെ ബാബു എംഎൽഎ വെള്ളാപ്പള്ളിയെ പ്രശംസിച്ചതിനെക്കുറിച്ച് അറിയില്ല.
വൈദ്യുത അപകടങ്ങളുടെ പശ്ചാത്തലത്തിൽ കെഎസ്‌ഇബി സേഫ്റ്റി ഓഡിറ്റ് നടത്തണം.ശശി തരൂർ എംപിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് സതീശൻ പ്രതികരിച്ചില്ല.
കാന്തപുരം
മനുഷ്യസ്‌നേഹത്തിന്റെ
മാതൃക: ഗോകുലം ഗോപാലൻ
കോഴിക്കോട് : ഇസ്ലാം മതപണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ അവഹേളിക്കാനുള്ള ശ്രമം മതസൗഹാർദത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന് വ്യവസായി ഗോകുലം ഗോപാലൻ പറഞ്ഞു. മനുഷ്യസ്നേഹത്തിന്റെ കേരള മാതൃകയാണ് കാന്തപുരം. ജാതിക്കും മതത്തിനും അപ്പുറം മാനവികത ഉയർത്തിപ്പിടിക്കുകയാണ് അദ്ദേഹം. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്‌ക്കുന്നതിനായി അദ്ദേഹം നടത്തിയ പ്രവർത്തനം രാജ്യത്തിനുതന്നെ ആശ്വാസം പകർന്നതാണെന്നും ഗോകുലം ഗോപാലൻ പ്രസ്‌താവനയിൽ പറഞ്ഞു.
പരാമർശം ദൗർഭാഗ്യകരം: കുഞ്ഞാലിക്കുട്ടി
വെള്ളാപ്പള്ളി നടേശന്റെ പരാമർശം ഗൗരവമുള്ളതും പറയാൻ പാടില്ലാത്തതുമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയല്ല ഏത് സമുദായനേതാവാണെങ്കിലും ഇത്തരത്തിൽ വിഭാഗീയമായും വർഗീയമായും കാര്യങ്ങൾ പറയരുതെന്ന് കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. എന്തുചെയ്യണം എന്ന് സർക്കാർ തീരുമാനിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജാതിക്കോമരം എന്ന് വിളിക്കുന്നത് ജാതി പറയുന്നവർ: വെള്ളാപ്പള്ളി
കൊച്ചി : കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും പറയാനുള്ളത് പറയുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 24 മണിക്കൂറും ജാതിക്കുവേണ്ടി പ്രവർത്തിക്കുകയും ജാതി മാത്രം പറയുകയും ചെയ്യുന്നവരാണ് തന്നെ ജാതിക്കോമരം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയതിന് കൊച്ചി യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
‘‘ഒരു സമുദായത്തിനും ഞാൻ എതിരല്ല. സാമൂഹ്യനീതിക്കുവേണ്ടി ഇന്നും നാളെയും പറയും. മുസ്ലിം സമുദായം ഇന്ന് അജയ്യ ശക്തരായി. ഈഴവർക്കും ഹിന്ദുക്കൾക്കും പരിഗണന കിട്ടുന്നില്ല. എന്തുപറഞ്ഞാലും കാന്തപുരം ഉൾപ്പെടെയുള്ള മതമണ്ഡിതർ ഇടപെടുകയാണ്. നല്ല കാര്യങ്ങൾ ചെയ്യാൻ സർക്കാർ ശ്രമിക്കുമ്പോൾ മതത്തിന്റേ പേരുപറഞ്ഞ് മതപണ്ഡിതർ ഇടപെടുന്നു. പരിഷ്‌കാരം നടപ്പാക്കിയാൽ തകർത്തുകളയുമെന്ന് പ്രഖ്യാപിക്കുന്നു. ഈഴവൻ മാത്രം ജാതി പറയാൻ പാടില്ല. പറഞ്ഞാൽ ഗുരുനിന്ദയായി. ഗുരുവിനെ മുന്നിൽനിർത്തി ഈഴവരെ തകർക്കുകയാണ്’’–- വെള്ളാപ്പള്ളി പറഞ്ഞു.









0 comments