സംസ്ഥാനത്തിന്റെ അധികാരങ്ങൾ മാനിച്ചു
വിസി നിയമനം ; കേരളത്തിന്റെ വാദം അംഗീകരിച്ചു, ഗവർണർക്ക് സമ്പൂർണ തിരിച്ചടി

റിതിൻ പൗലോസ്
Published on Aug 19, 2025, 12:00 AM | 2 min read
ന്യൂഡൽഹി
ഗവർണർക്ക് സമ്പൂർണ തിരിച്ചടി നൽകി, കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾ സുപ്രീംകോടതി അംഗീകരിച്ചു. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ചെയർമാനായി സുപ്രീംകോടതി മുൻ ജഡ്‌ജി സുധാൻഷു ധൂലിയയെ നിയമിച്ചു.
ഗവർണറുടെ അനാവശ്യ ഇടപെടൽ തടയാൻ മുൻ ജഡ്‌ജിയെ ചെയർമാനാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. യുജിസി പ്രതിനിധിയെ ഒഴിവാക്കണമെന്ന ആവശ്യവും ജസ്റ്റിസുമാരായ ജെ ബി പർദിവാല, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് അംഗീകരിച്ചു. ചുരുക്കപ്പട്ടികയിൽനിന്ന് നിയമനശുപാർശ നൽകാനുള്ള അധികാരം ഇടക്കാല ഉത്തരവിലൂടെ മുഖ്യമന്ത്രിക്ക് നൽകുകയും ചെയ്‌തു.
വിസി നിയമനങ്ങളിൽ ഇടങ്കോലിട്ടും ഫെഡറൽ തത്വങ്ങൾ ലംഘിച്ചുമുള്ള രാജ്‌ഭവന്റെ കരുനീക്കങ്ങൾക്കാണ് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി തടയിട്ടത്. പശ്ചിമബംഗാൾ വിസി നിയമന തർക്കങ്ങളിൽ മുൻ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സമിതിയെ നിയമിച്ചതിന് സമാനനടപടിയാണിത്.

സർവകലാശാലകൾക്കായി സംയുക്തമായോ പ്രത്യേകമായോ സമിതികൾ രൂപീകരിക്കാൻ ചെയർമാന് അധികാരമുണ്ടായിരിക്കും. രണ്ടാഴ്‌ചയ്ക്കകം സെർച്ച് കമ്മിറ്റി രൂപീകരിക്കണം. സർക്കാർ 10 പേരുകളും ഗവർണർ നാല് പേരുകളും നിർദേശിച്ചിട്ടുണ്ട്. ഇതിൽനിന്ന് രണ്ടുപേരെ വീതം ഉൾപ്പെടുത്തി ചെയർമാന് അഞ്ചംഗ സമിതി രൂപീകരിക്കാം. സംസ്ഥാന ഉന്നതവിദ്യഭ്യാസ വകുപ്പ് നോഡൽ ഏജൻസിയാകും. വിസി നിയമനത്തിനുള്ള യോഗ്യത ചൂണ്ടിക്കാട്ടി വകുപ്പ് പരസ്യം നൽകണം. അപേക്ഷിക്കാൻ നാലാഴ്‌ച സമയം. അപേക്ഷകൾ പരിശോധിച്ച് വകുപ്പ് സമിതിക്ക് സമർപ്പിക്കണം. ഒരു മാസത്തിനുള്ളിൽ സെർച്ച് കമ്മിറ്റി ചുമതല പൂർത്തിയാക്കണം. ഫലത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ സ്ഥിരം വിസിമാരെ കണ്ടെത്താം. ആറാഴ്‌ചയ്ക്കുള്ളിൽ ഉത്തരവ് പാലിച്ചെന്ന് വ്യക്തമാക്കി സർക്കാർ റിപ്പോർട്ട് നൽകണം.
സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിക്ക്
ചെയർമാന്റെ അംഗീകാരത്തോടെ കുറഞ്ഞത് മൂന്നുപേരുകളടങ്ങുന്ന ചുരുക്കപ്പട്ടിക അക്ഷരമാല ക്രമത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കണം. ഏതെങ്കിലും പേരിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെങ്കിൽ കാരണംസഹിതം ചാൻസലറായ ഗവർണറെ അറിയിക്കാം. നിയമനത്തിനുള്ള പേരുകൾ മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലർക്ക് നൽകണം. ഗവർണർ മുഖ്യമന്ത്രിയുടെ പേരുകൾ എതിർത്താൽ സുപ്രീംകോടതി അന്തിമതീർപ്പ് കൽപ്പിക്കും. മറിച്ചാണെങ്കിൽ ഗവർണറുടെ അനുമതി ലഭിച്ച് ഒരാഴ്‌ചയ്‌ക്കകം നിയമന ഉത്തരവ് വിജ്ഞാപനം ചെയ്യാനാകും.
സെർച്ച് കമ്മിറ്റി: കേരളം നിർദേശിച്ചത് 10 പേര്
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരെ കണ്ടെത്താൻ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള സെർച്ച് കമ്മിറ്റികളിലേക്ക് കേരളം നിർദേശിച്ചത് 10 പേരുകൾ. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളാണ് പട്ടികയിലുള്ളത്. ഡിജിറ്റർ സർവകലാശാല സമിതിയിലേക്കും സാങ്കേതിക സർവകലാശാലയിലേക്കും അഞ്ചുവീതം പേരാണ് നൽകിയത്. മദ്രാസ് സർവകലാശാലയിലെ ഫിസിക്‌സ് വിഭാഗം വിസിറ്റിങ് പ്രഫസർ ടി ആർ ഗോവിന്ദ രാജൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് റിട്ട. പ്രൊഫ. ഡോ. എസ് ചാറ്റർജി, എം ജി സർവകലാശാല മുൻ വിസി പ്രൊഫ. സാബു തോമസ്, കുസാറ്റ് മുൻ വിസി ഡോ. ഗംഗൻ പ്രതാപ്, ടിസ്സ് മുൻ ഡയറക്‌ടർ ഡോ. ടി ജയരാമൻ എന്നിവരെയാണ് ഡിജിറ്റൽ സർവകലാശാല വിസി നിയമത്തിനുള്ള സമിതിയിലേയ്ക്ക് ശുപാർശ ചെയ്‌തത്.
സാങ്കേതിക സർവകലാശാലയിലേക്ക് ഹൈദരാബാദ് കേന്ദ്രസർവകലാശാല മുൻ വിസി ഡോ. റാം രാമസ്വാമി, ഐഐടി ഖരഖ്‌പൂരിലെ അധ്യാപകൻ പ്രൊഫ. നിലോയ് ഗാംഗുലി, അവിടെ നിന്നുള്ള മറ്റൊരു അധ്യാപകൻ ഡോ. അച്ചുതനായ്‌ക്കൻ, കുസാറ്റ് മുൻ വിസി പ്രൊഫ. കെ എൻ മധുസൂധനൻ, കാലിക്കറ്റ് സർവകലാശാല മുൻ വിസി പ്രൊഫ. എം കെ ജയരാജ് എന്നിവരെയും ശുപാർശ ചെയ്‌തു.
ഗവർണർ എഐടി ചെന്നൈ ഡയറക്‌ടർ പ്രൊഫ. വി കാമകോടി, ഐഐടി മുംബൈ ഡയറക്‌ടർ ഡോ. ശിരീഷ് ബി കേദാരെ, കോഴിക്കോട് എൻഐടി ഡയറക്‌ർ ഡോ. പ്രശാന്ത് കൃഷ്‌ണ, അലഹബാദ് ഐഐടി ഡയറക്‌ടർ ഡോ. എസ് മുകുൾ എന്നിവരെയാണ് ശുപാർശ ചെയ്‌തത്.









0 comments