വിസി നിയമനം : വിജ്ഞാപനമിറക്കി സര്‍ക്കാര്‍

v c Appointment notification
വെബ് ഡെസ്ക്

Published on Aug 25, 2025, 02:16 AM | 1 min read


തിരുവനന്തപുരം

എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാലാ വിസി നിയമനത്തിന്‌ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. വിസി ആകാന്‍ യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചുള്ളതാണ്‌ വിജ്ഞാപനം. ചാന്‍സലറുടെ പിടിവാശിക്ക്‌ കനത്ത തിരിച്ചടിയേകി സുപ്രിംകോടതി ശക്തമായ ഇടപെടൽ നടത്തിയതോടെയാണ്‌ മുടങ്ങിക്കിടന്ന സ്ഥിരം വിസി നിയമന നടപടികൾ പുനഃരാരംഭിച്ചത്‌. രണ്ട് സര്‍വകലാശാലകളിലും ചാന്‍സലറുടെ ഇഷ്ടക്കാരായ താല്‍ക്കാലിക വിസിമാരെ വച്ച് ഭരണം നടത്തിവരികയായിരുന്നു. സിന്‍ഡിക്കറ്റ്, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് തുടങ്ങിയ അക്കാദമിക, ഭരണസമിതി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാതെ സര്‍വകലാശാലകളെ പ്രതിസന്ധിയിലാക്കിയിരുന്ന ചാന്‍സലര്‍ ഭരണത്തിനും ഇതോടെ അവസാനമാകും.


സര്‍വകലാശാലയില്‍ 10 വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പോ അംഗീകൃത ഗവേഷണ/അക്കാദമിക സ്ഥാപനത്തിലെ 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമോ, ഉയര്‍ന്ന അക്കാദമിക നിലവാരമോ ആണ്‌ പ്രധാന യോഗ്യത. പ്രായപരിധി 61 വയസ്.


വൈസ് ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് നാല് വര്‍ഷമോ 65 വയസ് തികയുന്നതുവരെയോ സ്ഥാനത്ത് തുടരാം. സര്‍വീസ് സംബന്ധിയായ ആനുകൂല്യങ്ങള്‍ക്കും യോഗ്യതയുണ്ടാകും. അര്‍ഹരായവര്‍ സെപ്തംബര്‍ 19ന് വൈകിട്ട് ആറിനകം നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകളും അക്കാദമിക വിവരങ്ങളും ഉള്‍പ്പടെയുള്ള ബയോഡാറ്റ സമര്‍പ്പിക്കണം. ഒരു പകർപ്പ്‌ ഇമെയിലിലും അയക്കണം.


ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലും ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനം ചട്ടവിരുദ്ധമാണെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ചാൻസലർക്ക്‌ സുപ്രീംകോടതിയിൽനിന്ന്‌ കനത്ത തിരിച്ചടിയാണേറ്റത്‌. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച സുപ്രീംകോടതി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്റെ അംഗീകാരത്തോടെ വിസി നിയമന പട്ടികയുടെ മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വ്യക്തമാക്കുകയായിരുന്നു. ചാന്‍സലറുടെ അനാവശ്യ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ജഡ്ജി സുധാന്‍ഷു ധൂലിയയെയാണ് സുപ്രീംകോടതി നിയോഗിച്ചത്‌. വിയോജിപ്പുണ്ടെങ്കില്‍ വിഷയം രേഖാമൂലം കോടതിയെയാണ് അറിയിക്കേണ്ടതും.



deshabhimani section

Related News

View More
0 comments
Sort by

Home