ഉത്തർകാശിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; 566 പേരെ ഒഴിപ്പിച്ചു

ഉത്തർകാശി: ഉത്തർകാശിയിലെ ധരാലി, ഹർസിൽ എന്നിവിടങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചവരെ 566 പേരെ ഒഴിപ്പിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന 300 ഓളം പേരെ കൂടി ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കാർ പറഞ്ഞു.
ഇന്ത്യൻ സൈന്യം ഡോഗ് സ്ക്വാഡുകൾ, ഡ്രോണുകൾ, റഡാറുകൾ എന്നിവയാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഡിജിപി ദീപം സേത്ത് ഉത്തർകാശി സന്ദർശിച്ചു. മാട്ലിയിൽ പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അദ്ദേഹം രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേസിച്ചു.
അതേസമയം, ഗംഗോത്രി ദേശീയ പാതയിൽ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഗംഗ്നാനിക്കടുത്തുള്ള ലിംച ഗാഡ് പാലം തകർന്നതിനെത്തുടർന്ന് ഹൈവേ തടസ്സപ്പെട്ടു. ഉയർന്ന ഹിമാലയൻ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ഹർസിലിലെയും ധരാലിയിലെയും റോഡുകൾ വീണ്ടും തുറക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.








0 comments