യുഎസ് അധികച്ചുങ്കം കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയാകും

സന്തോഷ് ബാബു
Published on Mar 12, 2025, 12:00 AM | 1 min read
കൊച്ചി
: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് "പകരത്തിന് പകരം' ഇറക്കുമതി ചുങ്കം ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് വൻ തിരിച്ചടിയാകും. കേരള കാർഷിക ഉൽപ്പന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. ആകെ കയറ്റുമതിയുടെ 20 ശതമാനത്തോളം അമേരിക്കയിലേക്കാണ്.
ഇന്ത്യയുടെ കാർഷികോൽപ്പന്നങ്ങൾക്ക് നിലവിൽ അമേരിക്ക ചുമത്തുന്ന ശരാശരി ഇറക്കുമതി ചുങ്കം 5.3 ശതമാനമാണ്. അതേസമയം അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി ചുങ്കം 37.7 ശതമാനവും.
കേരളത്തിൽനിന്നുള്ള കശുവണ്ടി, പച്ചക്കറി, പഴം, അരി തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾക്കും 32.4 ശതമാനം അധിക ചുങ്കംകൂടി അമേരിക്കൻ ഇറക്കുമതിക്കാർ നൽകേണ്ടിവരും. ഇത് ഇന്ത്യൻ ഉൽപ്പന്നവില വൻതോതിൽ വർധിപ്പിക്കുമെന്നതിനാൽ ഇറക്കുമതിക്കാർ മറ്റു രാജ്യങ്ങളിലേക്ക് തിരിയും. 500 കോടിയോളം രൂപയുടെ കാർഷികോൽപ്പന്ന കയറ്റുമതിയാണ് ഇതിലൂടെ കേരളത്തിന് നഷ്ടമാകുക. കേന്ദ്ര കൃഷി, ഭക്ഷ്യോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകൾപ്രകാരം 2024–25 സാമ്പത്തിക വർഷം ഏപ്രിൽ–-നവംബർ കാലയളവിൽ 346.38 കോടിയുടെ 11,408 മെട്രിക് ടൺ കാർഷികോൽപ്പന്നങ്ങളാണ് സംസ്ഥാനം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.
33.72 കോടിയുടെ 602.84 മെട്രിക് ടൺ കശുവണ്ടിയും 130.20 കോടി മൂല്യമുള്ള 2863.14 മെട്രിക് ടൺ സംസ്കരിച്ച പഴങ്ങളും പഴച്ചാറുകളും 10.62 കോടിയുടെ (577.40 മെട്രിക് ടൺ) പച്ചക്കറിയും 9.69 കോടിയുടെ (1238.36 മെട്രിക് ടൺ) അരിയും എട്ടു മാസത്തിനുള്ളിൽ കയറ്റുമതി ചെയ്തു.
സംസ്കരിച്ച പച്ചക്കറി (ആറ് കോടി–141 മെട്രിക് ടൺ-), വിവിധ ധാന്യപ്പൊടികൾ (2.69 കോടി, 274 മെട്രിക് ടൺ), പാൽ ഉൽപ്പന്നങ്ങൾ (12 ലക്ഷം, 2.66 മെട്രിക് ടൺ) എന്നിവയാണ് അമേരിക്കയിലേക്ക് അയക്കുന്ന മറ്റുചില ഉൽപ്പന്നങ്ങൾ.









0 comments