അർബൻ കോൺക്ലേവ് ചരിത്ര മുഹൂർത്തം: മന്ത്രി എം ബി രാജേഷ്

urban conclave
വെബ് ഡെസ്ക്

Published on Sep 12, 2025, 10:58 PM | 1 min read

കൊച്ചി : കേരള ചരിത്രത്തിലെ മഹത്തായ മുഹൂർത്തമാണ് കേരള അർബൻ കോൺക്ലേവ് എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കോൺക്ലേവ് ഒരു തുടക്കമല്ല, മറിച്ച് ഒരു വർഷം നീണ്ടുനിന്ന ആശയ കൈമാറ്റങ്ങളുടെയും സംവാദങ്ങളുടേയും പരിസമാപ്തിയാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഈ പ്രക്രിയയിൽ പങ്കാളികളായിരുന്നു.


കേരളത്തിലെ നഗരവൽക്കരണത്തെ സ്വാഭാവിക പ്രക്രിയയായി കാണാൻ കഴിയില്ല. സാധാരണഗതിയിൽ നഗരത്തിലേക്ക് ആളുകൾ കുടിയേറുകയും ഘട്ടം ഘട്ടമായി നഗരം വികസിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ഓരോ ഗ്രാമങ്ങളും നഗരങ്ങളായി വളരുകയാണ്. കേരളത്തിന്റെ തനതായ ഗ്രാമ-നഗര സഹവർത്തിത്വ രീതി സവിശേഷമായ വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. നഗരവൽക്കരണത്തിന്റെ വേഗം കൂടിയതോടെ ഇത് വർദ്ധിച്ചു. ഈ വെല്ലുവിളികളെ നേരിടാൻ സംസ്ഥാന സർക്കാർ നിരന്തരമായി മുൻകൈ എടുക്കുകയാണ്.


കെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവന വിതരണത്തിലെ വിടവുകൾ നികത്തിയത് മുതൽ ഡിജിറ്റൽ സാക്ഷരതാ യജ്ഞമായ ഡിജി കേരളത്തിലൂടെ ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കിയത് വരെ നമ്മുടെ വലിയ നേട്ടങ്ങളാണ്. മാലിന്യ സംസ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ വിജയകരമായി മുന്നോട്ട് പോകുന്നു.


ലോകമെമ്പാടും, നഗരവൽക്കരണത്തിന്റെ പ്രത്യാഘാതങ്ങളിലൊന്ന് ദുർബല വിഭാഗത്തിന്റെ പാർശ്വവൽക്കരണമാണ്. എന്നാൽ നമ്മുടെ നയം എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നതാണ്. ആ നയത്തിന്റെ ഭാഗമായാണ് അതിദാരിദ്ര്യനിർമാർജന പരിപാടി സംസ്ഥാന സർക്കാർ അവതരിപ്പിച്ചത്. അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിലൂടെ അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുന്നു. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറുകയാണ്. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുറ്റമറ്റ സേവന വിതരണം കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലെ വലിയ മുന്നേറ്റത്തിൽ നിർണായക ഘടകമാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home