സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം; സർവകലാശാലകളിൽ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ സർവകലാശാലാ ആസ്ഥാനങ്ങളിൽ പ്രതിഷേധമിരമ്പി. ‘അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക, സൈബർ ഇടത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ അണിനിരക്കുക’ മുദ്രാവാക്യങ്ങളുയർത്തിയാണ് പരിപാടി നടത്തിയത്. സൈബർ അക്രമണത്തിന് ഇരയായ ലീലാവതി ടീച്ചർക്കും ഷൈൻ ടീച്ചർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിനുപേർ പങ്കാളികളായി.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വനിതാ സബ്കമ്മിറ്റി സർവകലാശാലാ ആസ്ഥാനത്ത് നടത്തിയ സദസ് സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ ജി ഒലീന ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ സൈബറിടങ്ങളിൽ വ്യക്തിഹത്യ ചെയ്യുന്ന വർഗീയ രാഷ്ട്രീയ ശക്തികളെ പൊതുസമൂഹം ശക്തമായി പ്രതിരോധിക്കേണമെന്ന് അവർ പറഞ്ഞു. സബ് കമ്മിറ്റി കൺവീനർ പി ബി സുമ, ഐ വിനീത, ലക്ഷ്മി രാജ് എന്നിവർ സംസാരിച്ചു.
മഹാത്മാഗാന്ധി സർവകലാശാലയിൽ ഡോ. പി എം ആതിര, സംസ്കൃത സർവകലാശാലയിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എൻ മിനി, ഫിഷറീസ് സർവകലാശാലയിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി എന്നിവർ ഉദ്ഘാടനംചെയ്തു. കുസാറ്റിൽ വായമൂടി പ്രതിഷേധ പ്രകടനം നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം ബി ഷൈനി ഉദ്ഘാടനം ചെയ്തു. കാർഷിക സർവകലാശാലയിൽ ഷൈനി ആന്റണിയും കലിക്കറ്റിൽ കെഎസ്ടിഎ മുൻ ജനറൽ സെക്രട്ടറി കെ ബദറുന്നിസയും കണ്ണൂരിൽ അസി. പ്രൊഫ ഡോ. സുനൈനയും വയനാട് വൈത്തിരി വെറ്ററിനറി സർവകലാശാലയിൽ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പുഷ്പയും ഉദ്ഘാടനം ചെയ്തു.









0 comments