മുസ്ലിംലീഗ് വഖഫ് സ്വത്ത് കൈയേറി: ഉമർ ഫൈസി മുക്കം

കോഴിക്കോട് : മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പലയിടത്തും വഖഫ് സ്വത്തുക്കൾ കൈയേറിയിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ഉമർ ഫൈസി മുക്കം. തളിപ്പറമ്പ് ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളേജ് പരിസരത്ത് വഖഫ് സംരക്ഷണ സമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്. ഇതൊക്കെ മൂടിവയ്‌ക്കാനാണോ രാഷ്ട്രീയ നേതാക്കൾ അരമന കയറി നടക്കുന്നത്. സമസ്ത പറയുമ്പോൾ ചില രാഷ്ട്രീയ പാർടികൾക്ക് കൊള്ളുന്നുണ്ടാവും. അതിന് ഞങ്ങൾ ഉത്തരവാദിയല്ല. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളേജ് പറയുന്നു. അങ്ങനെ പറയുന്നത് മാന്യന്മാർക്ക് ചേർന്നതല്ല. വഖഫ് ഭൂമിയല്ലെന്ന നിലപാട് ഫാറൂഖ് കോളേജ് തിരുത്തണം. തെറ്റുപറ്റിയാൽ സമ്മതിക്കണം അതിന് തയ്യാറാകുന്നില്ലെങ്കിൽ നാട്ടുകാർ ഇടപെടും.
പരിഹാരം സർക്കാരുമായി ആലോചിക്കണം. ഫാറൂഖ് കോളേജ് നടത്താൻ കമ്മിറ്റി യോഗ്യരല്ല. വഖഫ് വിറ്റ് മുടിച്ചവർക്ക് യോഗ്യതയില്ല. വിറ്റതാണെങ്കിൽ പകരം ഭൂമി കണ്ടെത്തി അവിടെ ഉള്ളവരെ മാറ്റിപ്പാർപ്പിക്കണം. മുനമ്പത്തുള്ളവരെ റോഡിലേക്ക് ഇറക്കിവിടരുത്. നഷ്ടപരിഹാരം നൽകി പരിഹരിക്കണമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.









0 comments