കണ്ണൂരിൽ പിരിച്ചു തകർത്തു ; മുണ്ടക്കൈ ഫണ്ടിന്റെപേരിൽ വൻവെട്ടിപ്പ്

എൻ കെ സുജിലേഷ്
Published on Aug 01, 2025, 02:31 AM | 1 min read
കണ്ണൂർ
യൂത്ത് കോൺഗ്രസിന്റെ മുണ്ടക്കൈ ഫണ്ടിന്റെപേരിൽ കണ്ണൂരിൽ വൻവെട്ടിപ്പ്. ജില്ലയിലെ 11 ബ്ലോക്കു കമ്മിറ്റികൾ ഫണ്ട് പിരിച്ചിട്ടും സംസ്ഥാന കമ്മിറ്റിക്ക് കൊടുത്തത് രണ്ട് ബ്ലോക്കിൽനിന്നുള്ള അഞ്ചുലക്ഷം രൂപമാത്രം. ബാക്കി ഒമ്പതുബ്ലോക്ക് പിരിച്ച ലക്ഷങ്ങളെക്കുറിച്ച് ഒരുവിവരവുമില്ല. രണ്ടരലക്ഷം രൂപ ഓരോ ബ്ലോക്കും നൽകണമെന്നാണ് സംസ്ഥാന കമ്മിറ്റി നിർദേശം. ഒമ്പത് ബ്ലോക്കിൽനിന്ന് 22.50 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
സംസ്ഥാന, ജില്ലാ ഭാരവാഹികൾ പലരും സ്വന്തം നിലയിൽ ഫണ്ട് പിരിച്ചെന്നും ആരോപണമുണ്ട്. ഇരിക്കൂർ, പയ്യന്നൂർ ബ്ലോക്കുകളാണ് രണ്ടരലക്ഷം വീതം അടച്ചത്. ഇരിക്കൂറിൽ പിരിച്ചതിന്റെ കണക്കെത്രയാണെന്ന് അറിയാമെന്നും കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കരുതെന്നുമുള്ള ഡിസിസി ജനറൽ സെക്രട്ടറി കെ സി വിജയന്റെ വെല്ലുവിളിയോടെ അതും വിവാദത്തിലായി.
ബ്ലോക്ക് കമ്മിറ്റികൾ നേരിട്ട് സംസ്ഥാന കമ്മിറ്റിക്ക് പണമടയ്ക്കാൻ നിർദേശിച്ചത് നേതാക്കൾ സുവർണാവസരമാക്കി. എവിടെയും കണക്ക് കാണിക്കേണ്ട എന്നതിനാൽ പിരിച്ചുതകർത്തു. നിർദേശിച്ചതിലേറെ ഫണ്ട് പിരിച്ചുവെന്നാണ് പ്രധാന നേതാക്കൾതന്നെ രഹസ്യമായി പറയുന്നത്.
പയ്യന്നൂർ ബ്ലോക്കിൽ പിരിവുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടെ സംസ്ഥാന ഭാരവാഹിയായ വനിതാ നേതാവിനെതിരെ രൂക്ഷ വിമർശമുയർന്നു. ഇവർ നേരിട്ട് ഫണ്ട് പിരിച്ചതാണ് അംഗങ്ങൾ ഉന്നയിച്ചത്.









0 comments