അങ്കമാലി അർബൻ സഹ. സംഘം തട്ടിപ്പ് ; കോൺഗ്രസ് ഭരണസമിതിക്കും ജീവനക്കാർക്കും 121 കോടി പിഴ

അങ്കമാലി
അങ്കമാലി അർബൻ സഹകരണ സംഘത്തിലെ വായ്പത്തട്ടിപ്പ് കേസിൽ കോൺഗ്രസ് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ പിഴ ചുമത്തി സഹകരണവകുപ്പ്. സഹകരണചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുർവിനിയോഗം ചെയ്തതും വേണ്ടത്ര രേഖകളില്ലാതെ വായ്പ കൊടുത്തതും മൂല്യനിർണയം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് നടപടി. ഡയറക്ടർബോർഡ് അംഗങ്ങളും ജീവനക്കാരും ചേർന്ന് പിഴ അടയ്‌ക്കണം. ഇവർക്കെല്ലാം വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നൽകി.
സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. സംഘം പ്രസിഡന്റ് അന്തരിച്ച പി ടി പോൾ–- 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി വി പൗലോസ്– -7.31, കെ ജി രാജപ്പൻനായർ–- 7.35, ടി പി ജോർജ്– -7.75, പി സി ടോമി– -7.35, വി ഡി ടോമി വടക്കുഞ്ചേരി–- 7.35 കോടി, ടി വി ബെന്നി– -69.44 ലക്ഷം, എസ് വൈശാഖ്– -5.10 കോടി, സെബാസ്റ്റ്യൻ മാടൻ–- 5.12, മാർട്ടിൻ ജോസഫ്–- 5.16, എൽസി വർഗീസ്–- 2.59, ലക്സി ജോയി–- 7.31, മേരി ആന്റണി–- 6.98, കെ എ പൗലോസ്–- 2.15, കെ ജെ പോൾ– -1.05 കോടി, അന്തരിച്ച ഭരണസമിതി അംഗങ്ങളായ കെ ഐ ജോർജ് കൂട്ടുങ്ങൽ–- 2.07 കോടി, എം ആർ സുദർശൻ–- 31.67 ലക്ഷം എന്നിങ്ങനെ പിഴ അടയ്‌ക്കണം.
ജീവനക്കാരായ സെക്രട്ടറി ബിജു കെ ജോസ്–- 10.23 കോടി, അന്തരിച്ച സെക്രട്ടറി ജയ്ബി–- 1.06, കെ ഐ ഷിജു–- 6.89, അനില–- 6.87, വി പി ജിപ്സി–- 6.74, കെ ബി ഷീല–- 6.89 കോടി രൂപവീതവും പിഴ അടയ്‌ക്കണം. ഇതുവരെ അഞ്ചു ഡയറക്ടർബോർഡ് അംഗങ്ങളെയും രണ്ടു ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ജീവനക്കാർ സസ്പെൻഷനിലാണ്. നിലവിൽ സംഘം അഡ്‌മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. 97 കോടിയോളം രൂപയുടെ വായ്പത്തട്ടിപ്പാണ് നടന്നത്. 126 കോടി രൂപ വായ്പ കൊടുത്തിട്ടുണ്ട്.









0 comments