പുൽപ്പള്ളി ബാങ്കിലെ വായ്‌പാ തട്ടിപ്പ് ; ഇരകളുടെ സമരപ്പന്തൽ പൊളിച്ചുനീക്കി കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തകർ പൊളിച്ചുനീക്കിയ സമരപ്പന്തൽ വീണ്ടും കെട്ടി കോൺഗ്രസ് നേതാവ് കെ കെ അബ്രഹാമിന്റെ വീടിനുമുന്നിൽ ഡാനിയേൽ–സാറാക്കുട്ടി ദമ്പതിമാരും ജലജയും സത്യഗ്രഹത്തിൽ
പുൽപ്പള്ളി
വയനാട്ടിലെ പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പിന്റെ ഇരകളുടെ സമരപ്പന്തൽ പൊളിച്ചുനീക്കി കോൺഗ്രസ് പ്രവർത്തകർ. ബാങ്കിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്‌പാ തട്ടിപ്പിൽ കുരുങ്ങി ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ ഭാര്യയും തട്ടിപ്പിനിരയായ വയോധിക ദമ്പതികളും ബാങ്ക് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് കെ കെ അബ്രഹാമിന്റെ വീട്ടുപടിക്കൽ കെട്ടിയ സമരപ്പന്തലാണ് ഞായർ രാത്രി പൊളിച്ചത്.
പുൽപ്പള്ളിയിലെ വീടിന് മുന്നിലാണ് രാജേന്ദ്രൻ നായരുടെ ഭാര്യ ജലജയും തട്ടിപ്പിനിരയായ കേളക്കവല പറമ്പക്കാട്ടിൽ ഡാനിയേൽ–സാറാക്കുട്ടി ദമ്പതികളും ഞായറാഴ്‌ച സമരം തുടങ്ങിയത്.
രാത്രിയിൽ വീട്ടിൽ പോയപ്പോഴാണ് പന്തൽ പൊളിച്ചത്. സമരത്തിന്റെ ബാനർ ഉൾപ്പെടെ കീറിയെറിഞ്ഞു. തിങ്കൾ രാവിലെ സമരത്തിനെത്തിയപ്പോഴാണ് പന്തൽ പൊളിച്ചത് ഇവർ കണ്ടത്. വീണ്ടും പന്തൽ കെട്ടി മൂന്നുപേരും സമരം തുടർന്നു. വായ്‌പാ തട്ടിപ്പിന്റെ ബാധ്യതയിൽ ബാങ്കിൽ പിടിച്ചുവച്ചിട്ടുള്ള കിടപ്പാടത്തിന്റെ രേഖകൾ തിരികെ നൽകണമെന്നതാണ് ആവശ്യം.
"തങ്ങളെ വഞ്ചിച്ച് കോൺഗ്രസ് നേതാക്കൾ എടുത്ത വ്യാജ വായ്‌പ അവർ അടച്ച് കിടപ്പാടം തിരികെ നൽകിയില്ലെങ്കിൽ അബ്രഹാമിന്റെ വീട്ടുപടിക്കൽക്കിടന്ന് മരിക്കുമെന്ന്’ ഡാനിയേലും സാറാക്കുട്ടിയും പറഞ്ഞു. കിടപ്പാടം നഷ്ടമായ രാജേന്ദ്രൻ നായർ 2023 മെയ് 29ന് ജീവനൊടുക്കി. ആകെയുള്ള 90 സെന്റ് പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ വായ്‌പയാണ് ഡാനിയേലും സാറാക്കുട്ടിയും എടുത്തത്. ഒരുവർഷം കഴിഞ്ഞപ്പോൾ 36 ലക്ഷം രൂപ അടയ്‌ക്കാനുള്ള ബാങ്ക് നോട്ടീസ് ലഭിച്ചു.









0 comments