അൻവറിന്റെ പേരിൽ ഗതികെട്ട് യുഡിഎഫ്, വാതിൽ അടച്ചും തുറന്നും നേതാക്കൾ

തിരുവനന്തപുരം: പി വി അൻവറിന്റെ മുന്നണി പ്രവേശനത്തെച്ചൊല്ലി യുഡിഎഫിൽ കലഹം രൂക്ഷമാകുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചർച്ചകൾ അൻവറിൽ മാത്രം ഒതുങ്ങുകയാണ്. യുഡിഎഫിനെയും സ്ഥാനാർഥിയെയും കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടും തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും അൻവറിനെ കൂടെക്കൂട്ടണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനി താൻ ഇല്ലെന്ന് അൻവർ തുറന്നടിച്ചതോടെ സതീശന്റെ നിലപാടിനെതിരെ നേതാക്കൾ പരസ്യവിയോജിപ്പ് പ്രകടിപ്പിച്ചു.
അൻവറില്ലാതെ യുഡിഎഫിന് തെരഞ്ഞെടുപ്പിനെ നേരിടാൻ ധൈര്യമില്ലെന്ന് തെളിയിക്കുന്നതാണ് കൺവീനർ അടൂർ പ്രകാശിന്റെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രസ്താവനകൾ. അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അടൂർ പ്രകാശും സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി. അൻവറുമായി ചർച്ചകൾ തുടരുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സതീശനെ കുറിച്ചുള്ള അന്‍വറിന്റെ പരാമർശത്തിൽ 'നോ കമന്റ്സ്' എന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി. അതേസമയം, അൻവറിന് മുന്നില്‍ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ലെന്നാണ് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും അഭിപ്രായപ്പെട്ടത്. യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും സുധാകരൻ പറഞ്ഞു. അൻവറിന്റെ മുന്നണി പ്രവേശം സതീശൻ ഒറ്റയ്ക്കെടുക്കേണ്ട തീരുമാനമല്ലെന്ന് സുധാകരൻ നേരത്തെ തുറന്നടിച്ചിരുന്നു.
ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സതീശനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനമാണ് അൻവർ നടത്തിയത്. അഹങ്കാരത്തിന് കയ്യുംകാലും വെച്ച നേതാവാണ് സതീശനെന്നും സതീശന്റെ വാശിക്ക് യുഡിഎഫ് വലിയ വില കൊടുക്കേണ്ടിവരുമെന്നും അൻവർ പറഞ്ഞു. താൻ ഇല്ലാതെ യുഡിഎഫിന് നിലമ്പൂരിൽ ജയിക്കാനാകില്ല. ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്- അൻവർ പറഞ്ഞു.
അതേസമയം അൻവറിന്റെ വാർത്താസമ്മേളനത്തിന് ശേഷം സതീശൻ പ്രതികരിക്കാൻ തയാറായിട്ടില്ല. അൻവറിനെ അവഗണിക്കണമെന്ന സതീശന്റെ നിലപാടിന് ഘടകകക്ഷിയായ മുസ്ലീംലീഗിന്റെ പിന്തുണപോലുമില്ല. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇടനിലക്കാരനാക്കി എങ്ങനെയും യുഡിഎഫിൽ ചേക്കേറുക എന്ന തന്ത്രമാണ് അൻവർ പയറ്റുന്നത്.









0 comments