ദുരന്തത്തിലും ദുഷ്‌ടലാക്കോടെ കോൺഗ്രസ്‌

udf kerala leaders on Wayanad Rehabilitation
avatar
സി കെ ദിനേശ്‌

Published on Jul 31, 2025, 02:00 AM | 1 min read


തിരുവനന്തപുരം

കടുത്ത പ്രതിസന്ധികളെ മറികടന്ന്‌ മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക്‌ പുനരധിവാസമൊരുക്കുന്ന സംസ്ഥാന സർക്കാരിനെ എങ്ങനെ കുറ്റപ്പെടുത്താമെന്നുമാത്രമാണ്‌ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും കോൺഗ്രസ്‌ ആലോചിക്കുന്നത്‌. ദുരന്തബാധിതരോട്‌ കേന്ദ്രസർക്കാർ കടുത്ത അവഗണന കാട്ടുമ്പോൾ പ്രതികരിക്കാൻപോലും പ്രതിപക്ഷം തയ്യാറായില്ല. കേരള സർക്കാർ നടത്തുന്ന അതിജീവനപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച്‌ നിരന്തരം പ്രശ്നങ്ങളുണ്ടാക്കാനാണ്‌ അവർക്ക്‌ താത്‌പര്യം. ജനങ്ങൾക്ക്‌ ആശ്വാസമെന്നതല്ല, തങ്ങൾക്ക്‌ രാഷ്‌ട്രീയനേട്ടമാണ്‌ ലക്ഷ്യം. വാഗ്ദാനംചെയ്ത ഒരു സഹായവും നൽകാതെ കോൺഗ്രസ്‌ പറ്റിച്ചു. പിരിച്ച കോടിക്കണക്കിന്‌ രൂപ യൂത്ത്‌കോൺഗ്രസ്‌ മുക്കിയെന്ന്‌ കോൺഗ്രസ്‌ നേതാക്കൾതന്നെ വെളിപ്പെടുത്തി. ഇതെല്ലാം മറച്ചുവയ്ക്കാമെന്ന്‌ വ്യാമോഹിച്ചാണ്‌ കോൺഗ്രസ്‌ സമരനാടകങ്ങൾ.


കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ നടത്തിയ സമരത്തിലും എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെയായിരുന്നു മുദ്രാവാക്യം. എൽഡിഎഫിന്റെ ചോദ്യങ്ങൾക്കൊന്നും കോൺഗ്രസിന്‌ ഉത്തരമില്ല. കോൺഗ്രസിന്റെ സ്വന്തം എംപി പ്രിയങ്കഗാന്ധി എന്തു ചെയ്‌തെന്നതിനും മറുപടിയില്ല. കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക്‌ സമരംചെയ്യാനുള്ള ശേഷി യുഡിഎഫിനുണ്ടെന്ന്‌ ആവർത്തിച്ച്‌ പറയാറുള്ള പ്രതിപക്ഷനേതാവ്‌ ഇന്നുവരെ ആ ശേഷി പുറത്തെടുത്തിട്ടില്ല. ഇപ്പോൾ, വാർഷികത്തിന്‌ ചക്രസ്തംഭനസമരവുമായി ഇറങ്ങിയ യുഡിഎഫ്‌ യഥാർഥത്തിൽ സമരം നടത്തേണ്ടത്‌ ഡൽഹിയിലാണ്‌. എൽഡിഎഫ്‌ വയനാട്‌ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രക്ഷോഭം നടത്തിയപ്പോൾ ആപ്പ്‌ എംപി പോലും പിന്തുണയ്ക്കാനെത്തി. അന്നും എൽഡിഎഫ്‌ ചോദിച്ചു; ‘ പ്രിയങ്കയുടേയും രാഹുലിന്റേയും നിലപാട്‌ എന്താണ്‌ ? ’ പരിഹാസമായിരുന്നു മറുപടി. കോൺഗ്രസ്‌ എംപി മാർ പ്രഖ്യാപിച്ച സഹായവും വാർത്തയിൽ ഒതുങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Home