ബ്രദർഹുഡ്‌ ബന്ധം ; ജമാഅത്തെ ഇസ്ലാമി വേദിയിലേക്ക്‌ 
യുഡിഎഫ്‌ നേതാക്കളും

udf jamat e islami alliance
avatar
പി വി ജീജോ

Published on Apr 23, 2025, 03:17 AM | 1 min read



കോഴിക്കോട്‌ : മുസ്ലിം ബ്രദർഹുഡ്‌ ബന്ധത്തിൽ വിവാദത്തിലകപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ വേദിയിലേക്ക്‌ യുഡിഎഫ്‌ നേതൃത്വവും. വഖഫ്‌ നിയമ ഭേദഗതിക്കെതിരെ എന്ന പേരിലാണ്‌ ജമാഅത്തെയുമായി യുഡിഎഫ്‌ കൈകോർക്കുന്നത്‌. ബുധനാഴ്‌ച എറണാകുളത്ത്‌ സംഘടിപ്പിക്കുന്ന പ്രതിഷേധ ചത്വരം കോൺഗ്രസ്‌–-മുസ്ലിംലീഗ്‌–--ജമാഅത്തെ ഐക്യദാർഢ്യവേദിയാകും. 26ന്‌ കോഴിക്കോട്ടും പരിപാടിയുണ്ട്‌. ആഗോള ഇസ്ലാമിക തീവ്രവാദികളുടെ പ്രചോദന കേന്ദ്രമായ മുസ്ലിം ബ്രദർഹുഡുമായി ജമാഅത്തെ ബന്ധം പരസ്യമായതിനുപിന്നാലെ കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾ ഒന്നിക്കുന്നത്‌ രാഷ്‌ട്രീയ, -സമുദായ കേന്ദ്രങ്ങളിൽ ചർച്ചയാണ്‌.


യുഡിഎഫ്‌ കൺവീനർ എം എം ഹസൻ, മുസ്ലിം ലീഗ്‌ അഖിലേന്ത്യാ ഓർഗനൈസിങ്‌ സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ, സി പി ജോൺ, കോൺഗ്രസ്‌ എംഎൽഎമാരായ കെ ബാബു, അൻവർ സാദത്ത്‌, ടി ജെ വിനോദ്‌ എന്നിവരും പങ്കെടുക്കും. കലൂർ സ്‌റ്റേഡിയത്തിലെ പ്രതിഷേധത്തിൽ മാവോയിസ്‌റ്റ്‌–- സിമി ബന്ധമുള്ള സംഘടനകളുടെ നേതാക്കളുമുണ്ട്‌.


നേരത്തെ ഈ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനകളായ സോളിഡാരിറ്റിയും എസ്‌ഐഒയും കരിപ്പൂർ വിമാനത്താവളത്തിനമുന്നിലേക്ക്‌ നടത്തിയ മാർച്ചിൽ, മുസ്ലിം ബ്രദർഹുഡ്‌ നേതാക്കളായ ഹസനുൽ ബന്നയുടെയും സെയ്‌ദ്‌ ഖുത്വുബിന്റെയും ചിത്രം ഉപയോഗിച്ചത്‌ വിവാദമായിരുന്നു. ഈ പ്രതിഷേധം തീവ്രവാദത്തോടുള്ള പരസ്യാശ്ലേഷമാണെന്ന്‌ മുസ്ലിം സമുദായ സംഘടനകളടക്കം വിമർശിച്ചു. തീവ്രവാദസ്‌നേഹം കാട്ടുന്ന ജമാഅത്തെയുമായുള്ള നീക്കങ്ങൾ സംഘപരിവാറിന്‌ ഗുണമാകുമെന്ന അഭിപ്രായം ലീഗിലുണ്ട്‌.


എന്നാൽ, വരുന്ന തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ സഖ്യം പ്രധാനമായതിനാൽ പരസ്യ പ്രതികരണത്തിന്‌ ആരും തയ്യാറല്ല. കോൺഗ്രസിനെയും ലീഗിനെയും വേദിയിലെത്തിച്ച്‌ മുസ്ലിം ബ്രദർഹുഡ്‌ ബന്ധത്തിന്‌ മറയിടാമെന്നാണ്‌ ജമാഅത്തെ കരുതുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home