ചികിത്സവേണം ‘ രാഷ്‌ട്രീയ തിമിരത്തിന് ’ ; ആരോഗ്യ മേഖലയെ അപഹസിക്കുന്ന പ്രതിപക്ഷ–മാധ്യമ കൂട്ടുകെട്ട് രാഷ്‌ട്രീയലാക്കോടെ

തിരുവനന്തപുരം മെഡിക്കൽ കോളേജ്

സി കെ ദിനേശ്
Published on Jul 03, 2025, 02:00 AM | 2 min read
തിരുവനന്തപുരം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ പരസ്യമായി പരാതിപ്പെട്ടതിന്റെ മറവിൽ കേരളത്തിലെ ആരോഗ്യ മേഖലയെ അടച്ച് അപഹസിക്കുന്ന പ്രതിപക്ഷ–മാധ്യമ കൂട്ടുകെട്ട് രാഷ്‌ട്രീയലാക്കോടെ. എൽഡിഎഫ് സർക്കാരിനെതിരെ വ്യാജപ്രചാരണം നടത്തുന്നതോടൊപ്പം സ്വകാര്യ ആശുപത്രി ലോബികളെ സഹായിക്കൽകൂടിയാണ് അജൻഡ.
1870 സർക്കാർ ആശുപത്രികൾക്ക് ശരാശരി 600 കോടിയോളംരൂപയാണ് മരുന്നു വാങ്ങാൻ സർക്കാർ നൽകുന്നത്. 30 ലക്ഷം പേർക്കായി 7000 കോടി രൂപ സൗജന്യ ചികിത്സയ്ക്ക് നൽകുന്നു. മെഡിക്കൽ കോളേജുകളിൽ മാത്രം മാസം നാലായിരത്തോളം സർജറികൾനടക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വർഷം പത്ത് ലക്ഷം രോഗികളാണ് ചികിത്സയ്‌ക്കായെത്തുന്നത്.
ഓർക്കുക
കേന്ദ്ര സർക്കാർ ഏറ്റവും മികച്ച അത്യാഹിത വിഭാഗമായി തെരഞ്ഞെടുത്തത് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയെയാണ്. സ്വകാര്യ മേഖലയിൽ 40 ലക്ഷം രൂപ വരെ ചെലവുവരുന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സർക്കാർ ആശുപത്രികളിൽ നടക്കുന്നു. രാജ്യത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനും വൈകുന്നേരം ഒ പിക്കുമായി2430 തസ്തികയാണ് സൃഷ്ടിച്ചത്. കെഎംസിസി വഴി മാത്രം 853 അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നു. ശരിയായ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കേരളത്തിൽ ദേശീയ ശരാശരിയുടെ നാലിലൊന്നുപോലുമില്ലെന്ന് കേന്ദ്ര ഇക്കണോമിക് സർവേ- 2025ൽ വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് കാലം
എ കെ ആന്റണി ഭരിക്കുമ്പോഴാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗവർണർ സിക്കന്തർ ഭക്ത് മതിയായ ചികിത്സ കിട്ടാതെ മരിച്ചെന്ന ആക്ഷേപമുയർന്നത്. അദ്ദേഹത്തിന്റെ സർജറി നടക്കുമ്പോൾ വകുപ്പ് തലവൻ വിട്ടുനിന്നു. മോർച്ചറി പ്രവർത്തിക്കാത്തതിനാൽ മൃതദേഹം സൂക്ഷിച്ചത് സ്വകാര്യ മൊബൈൽ മോർച്ചറിയിലാണ്.
മെഡിക്കൽ കോളേജ് ആശുപത്രി മെച്ചപ്പെടുത്താൻ കേന്ദ്രം അനുവദിച്ച 50 ലക്ഷത്തിൽനിന്ന് 20 ലക്ഷം ചിലർ മുക്കിയെന്ന വാർത്ത വന്നതും അക്കാലത്ത്. ആരോഗ്യവകുപ്പിലെ 3000 ഒഴിവ് നികത്തിയിരുന്നില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒമ്പതാം വാർഡിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ സന്നദ്ധ പ്രവർത്തകരായെത്തിയാണ് അക്കാലത്ത് രോഗികളെ സഹായിച്ചത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാർ സാമ്പത്തിക അഴിമതിക്ക് ഇഡിയുടെ അന്വേഷണം നേരിടുന്നു. സ്വകാര്യ മരുന്നുലോബിയെ സഹായിക്കാൻ ജീവൻ രക്ഷാമരുന്നുകൾ മെഡിക്കൽ കോളേജ് ആശുപത്രിയുടെ കക്കൂസിലാണ് നിക്ഷേപിച്ചെന്നതും വാർത്തയായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രി വികസനം തടയാൻ ശ്രമിച്ചതും ഇക്കാലത്ത്. തൈക്കാട് ആശുപത്രിയിലെ ഡോക്ടർക്ക് കൈക്കൂലി കൊടുത്തിട്ടും സമയത്ത് ഓപ്പറേഷൻ നടത്താതിരുന്നതിനാൽ അമ്മയും കുഞ്ഞും മരിച്ച സംഭവവുമുണ്ടായി.









0 comments