കേരളത്തിൽ മഷിപിടിക്കുന്നില്ല ; ബിഹാറിന്റെ നെഞ്ചത്തിരിക്കട്ടെ

തിരുവനന്തപുരം
കേരളത്തിലെ സിപിഐ എം വിരുദ്ധ വാർത്തകളൊന്നും ക്ലച്ചുപിടിക്കാതായതോടെ ബിഹാറിലെ വോട്ട് അധികാർ യാത്രയുടെ പേരിൽ കുത്തിത്തിരിപ്പുമായി യുഡിഎഫ് അനുകൂല പത്രം. മഹാസഖ്യം സംഘടിപ്പിക്കുന്ന യാത്രയോട് കേരളത്തിലെ സിപിഐ എം അകലം പാലിക്കുന്നെന്നാണ് പത്രത്തിന്റെ കണ്ടെത്തൽ. മഹാസഖ്യത്തിൽ ആർജെഡിയും സിപിഐ എമ്മും കോൺഗ്രസും സിപിഐയും ഉൾപെടെയുള്ള നിരവധി പാർടികളുണ്ട്. യാത്രയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പങ്കെടുത്തു.
തിങ്കളാഴ്‌ചത്തെ സമാപനത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുക്കും. പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെയും കേന്ദ്രകമ്മിറ്റി അംഗം അവ്‌ധേഷ്‌കുമാറും ബിഹാർ സംസ്ഥാന സെക്രട്ടറി ലല്ലൻ ചൗധരിയും യാത്രയിൽ പൂർണമായുണ്ട്. എന്നിട്ടും ‘സിപിഐ എം അകലം പാലിക്കുന്നു’ എന്നാണ് പത്രം പറയുന്നത്.
ഒപ്പം എൽഡിഎഫിൽ ഭിന്നതയെന്നു വരുത്താൻ ആർജെഡി മാത്രമേ കേരളത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ളു എന്ന നുണയും തട്ടിവിട്ടിട്ടുണ്ട്. ബിഹാറിലെ മഹാസഖ്യത്തിന്റെ നായകസ്ഥാനത്ത് ആർജെഡിയും അതിനെ നയിക്കുന്ന തേജസ്വി യാദവുമാണ്.
അഖിലേന്ത്യാതലത്തിൽ ആർജെഡി ആഹ്വാനംചെയ്‌ത പ്രതിഷേധം കേരളഘടകവും നടത്തുന്നതിനെയാണ് മനോരമ ഇൗ രീതിയിൽ വളച്ചൊടിക്കുന്നത്. ഇതുവച്ച്, സിപിഐ എമ്മിനെതിരെ രണ്ടു പ്രസ്‌താവനയിറക്കാൻ കോൺഗ്രസിന് അവസരമുണ്ടാക്കലാണ് പത്രത്തിന്റെ ലക്ഷ്യം.









0 comments