തള്ളാനും വയ്യ കൊള്ളാനും വയ്യ ഗതികേടിൽ നാണംകെട്ട് യുഡിഎഫ്

പി വി ജീജോ
Published on May 30, 2025, 03:11 AM | 1 min read
നിലമ്പൂർ
യുഡിഎഫിനെയും സ്ഥാനാർഥിയെയും കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയുംചെയ്‌ത രാഷ്‌ട്രീയ ഭിക്ഷാംദേഹിയെ തള്ളാനാകാത്ത കോൺഗ്രസിന്റെ ഗതികേട് നിലമ്പൂരിൽ ചർച്ചയാകുന്നു. പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചപ്പോൾ ആഹ്ലാദാരവം മുഴക്കിയവർ ഇപ്പോൾ തള്ളാനും കൊള്ളാനുമാകാത്ത സ്ഥിതിയിലാണ്. ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ‘ഏതു ചെകുത്താനായാലും’ എന്നാണ് അൻവർ വിശേഷിപ്പിച്ചത്. രാഹുൽഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവരെയെല്ലാം സമാനരീതിയിൽ അധിക്ഷേപിച്ചു. എന്നിട്ടും അവസരവാദ രാഷ്‌ട്രീയ സമീപനമുള്ളയാളോട് നിലപാട് സ്വീകരിക്കാനാകാത്ത നിസ്സഹായ അവസ്ഥയാണ് കോൺഗ്രസിന്റേത്.
ഒരുവിഭാഗം നേതാക്കളെ അനുകൂലമായി അണിനിരത്തി കോൺഗ്രസിൽ ഭിന്നതയുണ്ടാക്കാനും അൻവറിനായി. കെപിസിസി മുൻ പ്രസിഡന്റുമാരായ കെ സുധാകരൻ, കെ മുരളീധരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അൻവറിനെ യുഡിഎഫിൽ ചേർക്കണമെന്ന നിലപാടിലാണ്. വി ഡി സതീശന് ഇക്കാര്യത്തിൽ ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ പിന്തുണപോലുമില്ല.
ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ ഇടനിലക്കാരനാക്കി വലതുപക്ഷത്ത് ഇരിപ്പിടമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അൻവർ. അപഹാസ്യനും കോമാളിയുമാക്കി അവസാനനിമിഷം കൂടെചേർക്കുകയെന്ന തന്ത്രമാണ് കോൺഗ്രസ് പയറ്റുന്നത്. കഴിഞ്ഞ ദിവസം കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്‌ച പൊളിഞ്ഞത് ഇതിന് തെളിവാണ്. ചർച്ചയാകാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് വരുത്തിയശേഷം കാണാൻ നിൽക്കാതെ അപമാനിച്ചുവിട്ടു.
കോൺഗ്രസിലെയും ലീഗിലെയും ഒരുവിഭാഗത്തിന് അൻവറിനോട് ഇപ്പോഴുമുള്ള മൃദുസമീപനം യുഡിഎഫിനെ നിലപാടില്ലാ കയത്തിലാഴ്‌ത്തുന്നുണ്ട്. ഇരുപാർടികളിലെയും ആര്യാടൻ വിരുദ്ധ പക്ഷക്കാരാണ് ഈ നയം തുടരുന്നതെന്നതും ശ്രദ്ധേയമാണ്.









0 comments