print edition കോൺഗ്രസിൽ പൊട്ടിത്തെറി, കൂട്ടരാജി

തിരുവനന്തപുരം
തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിൽ തുടങ്ങിയ കൂട്ടരാജിയും പ്രതിഷേധവും മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിന്റെ സസ്-പെൻഷൻ നടപടി റദ്ദാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പത്ത് മഹിളാകോൺഗ്രസ് പ്രവർത്തകർ പാർടി വിട്ടു. വലിയൊരു വിഭാഗം രാജിക്ക് ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ജോസ് ഫ്രാങ്ക്ളിനെ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളായ വി എസ് ശിവകുമാറും നെയ്യാറ്റിൻകര സനലും കെപിസിസി പ്രസിഡന്റിനെ കണ്ടത്. നെയ്യാറ്റിൻകര നഗരസഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളെ തീരുമാനിക്കാനാണ് ജോസ് നേതാക്കളെ സ്വാധീനിച്ച് തിടുക്കപ്പെട്ട് തിരികെ വരുന്നതെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി നേമം ഷജീറിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് മണക്കാട് സുരേഷ് നേമം മണ്ഡലം കോർകമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. കെപിസിസി തലത്തിലുള്ള നേതാക്കൾ അനുനയ ശ്രമം നടത്തിയെങ്കിലും വഴങ്ങിയിട്ടില്ല. ഷജീറിനെ കൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കോർപറേഷനിൽ കെ മുരളീധരൻ നടത്തുന്ന ജാഥയെ പരസ്യമായി തടഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഷജീർ സീറ്റ് സംഘടിപ്പിച്ചത്. പ്രദേശിക നേതൃത്വം തീരുമാനിച്ച ജി ഹരിക്ക് സീറ്റ് നിഷേധിച്ചതിൽ അണികൾക്കിടയിലും പ്രതിഷേധമുണ്ട്.
കരാര്‍ പ്രകാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാതെ പാർടി വഞ്ചിച്ചെന്നാരോപിച്ച് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് അംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മന്‍തറയില്‍ കോണ്‍ഗ്രസ് വിട്ടു.
സ്വതന്ത്രനായി മത്സരിക്കും
മന്ത്രി കെ ബി ഗണേഷ് കുമാറിനെ വീണ്ടും ജയിപ്പിക്കണമെന്ന് പൊതുചടങ്ങിൽ കോൺഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ് ആഹ്വാനം ചെയ്തതിലും നേതൃത്വം വെട്ടിലായി. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റി, നോട്ടിസ് നൽകി.









0 comments