രാഹുൽ നിയമസഭയിൽ വരണോ ; കോൺഗ്രസിൽ ഭിന്നത രൂക്ഷം

തിരുവനന്തപുരം
തുടർച്ചയായ ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര പരാതികളെ തുടർന്ന് കോൺഗ്രസിൽനിന്ന് സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിങ്കളാഴ്‌ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ നേതാക്കളിൽ ഭിന്നതരൂക്ഷം. രാഹുൽ സഭയിൽ വരുന്നതിനെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും സംസാരിച്ചത്. എന്നാൽ, പാർടിയിലും പാർലമെന്ററി പാർടിയിലും ഇല്ലാത്തയാളാണ് മാങ്കൂട്ടത്തിലെന്നും ബാക്കിയെല്ലാം കെപിസിസി പ്രസിഡന്റ് പറയട്ടെയെന്നും പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തടിതപ്പി. സ്പീക്കർക്ക് കത്ത് നൽകുന്നത് സംബന്ധിച്ച ചോദ്യത്തിൽനിന്നും ഒഴിഞ്ഞുമാറി.
നിയമസഭാ സമ്മേളത്തിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും രാഹുലിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്പീക്കറാണ് സംരക്ഷണം നൽകേണ്ടത്. ഏത് ബ്ലോക്കിലായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
രാഹുലിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നാണ് അടൂര്‍ പ്രകാശിന്റെ അഭിപ്രായം. അന്തിമ തീരുമാനം കോൺഗ്രസ് എടുക്കും. നേരത്തേ സംഘടന തീരുമാനപ്രകാരമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. എന്നാൽ, വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരായ സൈബർ ആക്രമണം മറ്റ് നേതാക്കളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഷാഫി, രാഹുൽ സംഘത്തിന്റെ ആക്രമണം ഭയന്നാണ് രാഹുൽ സഭയിൽ പങ്കെടുക്കുന്നതിനെ പല നേതാക്കളും അനുകൂലിക്കുന്നതെന്നും പറയുന്നു.









0 comments