നിയമസഭാ സീറ്റിനായി എംപിമാരും ; കോൺഗ്രസിൽ പ്രതിഷേധം

തിരുവനന്തപുരം
നിയമസഭയിൽ മത്സരിക്കാൻ അനുവാദംതേടി സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ എംപിമാർ ഹൈക്കമാൻഡിനെ സമീപിച്ച തോടെ യുവ നേതാക്കളടക്കം വലിയൊരു വിഭാഗം ശക്തമായ പ്രതിഷേധത്തിൽ.വടകരയിൽനിന്ന് ജയിച്ച ഷാഫി പറമ്പിൽ നിയമസഭയിലേക്ക് മത്സരിക്കാൻ പദ്ധതിയിട്ട് പാലക്കാട് രഹസ്യയോഗം ചേർന്നതോടെയാണ് കോൺഗ്രസിൽ വ്യാപക ചർച്ചയായത്. കെ സുധാകരൻ, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, ആന്റോ ആന്റണി, രാജ്‌മോഹൻ ഉണ്ണിത്താൻ, ശശി തരൂർ എന്നിവരാണ് നിയമസഭാ മോഹം അറിയിച്ച മറ്റുള്ളവർ. കേരളത്തിലെ സ്ഥിതിഗതികൾ നോക്കി മത്സരിക്കാമെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് സുധാകരൻ മാറിയതുതന്നെ നിയമസഭാ സീറ്റ് ഉറപ്പിച്ച ശേഷമായിരുന്നു. തരൂരും കൊടിക്കുന്നിലും അടൂരും കഴിഞ്ഞതവണതന്നെ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ഷാഫിക്ക് മോഹമുണ്ടെങ്കിലും വടകരക്കാർ സമ്മതിക്കില്ലെന്ന ഒഴുക്കൻ മറുപടിയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നൽകിയത്. കണ്ണൂരില്‍ സുധാകരന്‍, കോന്നിയിൽ അടൂർ പ്രകാശ്, ആറന്മുളയില്‍ ആന്റോ ആന്റണി, അടൂരില്‍ കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരത്ത് ശശി തരൂര്‍ എന്നിങ്ങനെയാണ് ആലോചന.
കേന്ദ്രഭരണം കിട്ടുമെന്ന പ്രതീക്ഷയിൽ പാർലമെന്റിലേക്ക് മത്സരിക്കുക, അവിടെ കിട്ടാതായ പ്പോൾ അധികാരമോഹവുമായി രാജിവച്ച് നിയമസഭയിലേക്ക് വീണ്ടും മത്സരിക്കുക എന്ന നിലപാട് ശരിയാണോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചോദിച്ചു. ഒരു മണ്ഡലം പിടിക്കാൻ ചിലപ്പോൾ അത്തരം തീരുമാനമെടുക്കാറുണ്ടെങ്കിലും കൂട്ടത്തോടെയുള്ള നീക്കം തിരിച്ചടിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.









0 comments