print edition നീറിപ്പുകഞ്ഞ് യുഡിഎഫ് ; തെക്ക് ലീഗിനെ ഒതുക്കി, ജോസഫ് ഗ്രൂപ്പ് ഒറ്റയ്‌ക്ക്


സി കെ ദിനേശ്
Published on Nov 14, 2025, 03:22 AM | 1 min read
തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം വെള്ളിയാഴ്‌ച തുടങ്ങുന്പോൾ നീറിപ്പുകഞ്ഞ് യുഡിഎഫ്. തെക്കൻ കേരളത്തിൽ മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികളെ ഒതുക്കിയപ്പോൾ വടക്കൻ ജില്ലകളിൽ മലപ്പുറം, കാസർകോട് ജില്ലകളിലടക്കം ലീഗിന്റെ കനിവിനായി യാചിക്കുകയാണ് കോൺഗ്രസ്. കോർപറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലുമാണ് തർക്കം രൂക്ഷം.
തിരുവനന്തപുരം കോർപറേഷനിൽ മുസ്ലിംലീഗ് ആവശ്യപ്പെട്ട സീറ്റുകളിലുൾപ്പെടെ ഏകപക്ഷീയമായി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് പൊട്ടിത്തെറിയുണ്ടാക്കി. ഒരിക്കലും ജയിക്കാൻ കഴിയാത്ത ചാല സീറ്റ് വെണ്ടെന്നുവച്ച ലീഗിന് പകരം സീറ്റ് നൽകാതെ വഞ്ചിച്ചു. ഇതോടെ ലീഗ് തനിച്ച് മത്സരിക്കുകയാണ്. ചർച്ചയിൽപ്പോലും പരിഗണിക്കാത്തതിനാൽ ജോസഫ് ഗ്രൂപ്പ് തനിച്ച് മത്സരിക്കുകയാണ്.
തെക്കൻ ജില്ലകളിൽ സീറ്റുകളുടെ എണ്ണം കൂട്ടാനാണ് മുസ്ലിംലീഗിന്റെ നീക്കം. നിയമസഭയിൽ വർക്കല ഉൾപ്പെടെ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിനാണിത്. ഇത് മുൻകൂട്ടിക്കണ്ടാണ് കോൺഗ്രസിന്റെ വെട്ട്.
ഉഭയകക്ഷി ചർച്ചയിൽ കൊല്ലം കോർപറേഷനിൽ ഉറപ്പ് നൽകിയ കൊല്ലൂർവിള, പള്ളിമുക്ക് വാർഡുകൾ തരാതെ കോൺഗ്രസ് കബളിപ്പിച്ചെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. കോട്ടയം, ഇടുക്കി ജില്ലാ പഞ്ചായത്തുകളിൽ ഒറ്റ സീറ്റുപേോലും നൽകിയില്ല. നഗരസഭയിൽ വിജയിച്ച സീറ്റുകൾപോലും കോൺഗ്രസ് പിടിച്ചെടുക്കുകയാണെന്നാണ് ലീഗിന്റെ ആക്ഷേപം. കാഞ്ഞിരപ്പള്ളി, പായിപ്പാട് പഞ്ചായത്ത്, ചങ്ങനാശ്ശേരി നഗരസഭകളിലും ഭിന്നത രൂക്ഷം.
പത്തനംതിട്ടയിൽ സ്വന്തം റിബൽ ശല്യമേ തീർക്കാനുള്ളു, ഘടകകക്ഷിയുമായി ചർച്ചയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ആർഎസ്‌പി, സിഎംപി തുടങ്ങി കക്ഷികളെ പരിഗണിച്ചിട്ടുപോലുമില്ല.
ഇതിനിടെ പുതിയ പാർടികളെ കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാവിന്റെ നീക്കത്തിന് കെസി വേണുഗോപാൽ തടയിട്ടു. നിലവിലുള്ള ഘടകകക്ഷികളെ മെരുക്കിയിട്ടുമതി പുതിയവ എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ തീരുമാനം. പി വി അൻവറും സി കെ ജാനുവുമാണ് സതീശനെ വിശ്വസിച്ച് കെപിസിസിയുടെ വാതിലിൽ മുട്ടിയത്.










0 comments