കലങ്ങിമറിഞ്ഞ് കോൺഗ്രസ് ; കെപിസിസി നേതൃയോഗം ഇന്ന്

ഒ വി സുരേഷ്
Published on Sep 15, 2025, 02:42 AM | 1 min read
തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ, വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെ ആത്മഹത്യ തുടങ്ങിയവയിൽ കോൺഗ്രസ് കലങ്ങിമറിഞ്ഞുനിൽക്കെ കെപിസിസി നേതൃയോഗം തിങ്കളാഴ്‌ച.
യുഡിഎഫ് അനുകൂല മാധ്യമങ്ങളുടെ പിന്തുണയോടെ, വിഷയം മാറ്റി രക്ഷപ്പെടാനായിരുന്നു ശ്രമം പൊളിഞ്ഞു. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണവും ഗർഭഛിദ്ര കേസും മാത്രമായിരുന്നു വിഷയം. എന്നാൽ വയനാട്ടിൽ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യയും കെപിസിസി ഓഫീസിനുമുന്നിൽ കുത്തിയിരിക്കുമെന്ന് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകളുടെ പ്രഖ്യാപനവും അവരുടെ ആത്മഹത്യാശ്രമവും പുതുതായി ഉയർന്നു.
രാഹുലിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മൂന്നുവർഷം മുന്പ് കോൺഗ്രസ് അനുഭാവിയായ യുവനടി പരാതി നൽകിയിട്ടും സംരക്ഷിച്ചു. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കുന്നതിൽ രമേശ് ചെന്നിത്തലയടക്കമുള്ളവർ എതിർത്തിരുന്നു. ഇത് മറികടന്ന് സ്വന്തം നോമിനിയായാണ് സതീശൻ രാഹുലിനുവേണ്ടി ഹൈക്കമാൻഡിൽ സമ്മർദംചെലുത്തിയത്. എതിർപ്പ് പരസ്യമാക്കിയ ചാണ്ടി ഉമ്മൻ പ്രചാരണത്തിന് പോയില്ല. രാഹുലിനെ തള്ളിപ്പറഞ്ഞ് സതീശന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ല. പുനഃസംഘടനയും ഗൃഹസന്ദർശനവും പൊളിഞ്ഞത് സംഘടനാപരമായ വീഴ്‌ചയായി കെപിസിസിയിൽ ഉയരും.
മാങ്കൂട്ടത്തിൽ സഭയിൽ എത്തിയാൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിലും ആശയക്കുഴപ്പമുണ്ട്. ഇതിന് പുറമേയാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ കെ ടി ജലീൽ എംഎൽഎ തെളിവുസഹിതം ഉന്നയിച്ച ആരോപണം.









0 comments