എസ്‌യുസിഐ സമരവേദിയിലും കോൺഗ്രസ് ബിജെപി നേതാക്കൾ ഒന്നിച്ച്

ആശമാരുടെപേരിലുള്ള എസ്‌യുസിഐ സമരത്തിന്റെ സമാപനറാലി വേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷും
തിരുവനന്തപുരം
ആശമാരുടെപേരിൽ എസ്‌യുസിഐ നടത്തുന്ന സമരനാടകത്തിന്റെ സമാപനറാലിയുടെ വേദി പങ്കിട്ട് കോൺഗ്രസ്–-ബിജെപി നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റാലി ഉദ്ഘാടനം ചെയ്തപ്പോൾ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷും വേദിയിലുണ്ടായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തലേന്ന് യുഡിഎഫ്–ബിജെപി നേതാക്കളുടെ ഒത്തൊരുമയ്ക്ക് പിന്നിലുള്ളത് രാഷ്‌ട്രീയ ലക്ഷ്യമാണെന്നതിന് മറ്റ് തെളിവുവേണ്ട. എസ്‌യുസിഐയ്‌ക്കുവേണ്ടി മാസങ്ങളായി സംയുക്ത സമരം നടത്തുകയാണ് യുഡിഎഫുകാരും ബിജെപിക്കാരും. ബുധനാഴ്ച സെക്രട്ടറിയറ്റിനുമുന്നിലെ വേദിയിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി, കെ എസ് ശബരിനാഥൻ, മാത്യു കുഴൽനാടൻ, ഷിബു ബേബി ജോൺ, ബിന്ദു കൃഷ്‌ണ, ഷാനിമോൾ ഉസ്മാൻ എന്നിവരുമുണ്ടായിരുന്നു. ഇവർക്കിടയിൽ വി വി രാജേഷും. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നാൽ ആദ്യമന്ത്രിസഭയിൽ തന്നെ ആശമാരുടെ വേതനം വർധിപ്പിക്കുമെന്നും സതീശൻ വാഗ്ദാനം ചെയ്തു.
ആശമാരുടെ പേരുപറഞ്ഞ് എസ്‌യുസിഐ നിലമ്പൂരിൽ യുഡിഎഫിനുവേണ്ടി നടത്തിയ പ്രചാരണം, യഥാർഥ ആശമാർ രംഗത്തിറങ്ങിയതോടെ പാളിപ്പോയിരുന്നു.
ആദ്യഘട്ടത്തിൽ തെറ്റിധരിച്ച് സമരത്തിനെത്തിയ ആശമാർ എസ്‌യുസിഐയുടെയും പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, ബിജെപി നേതാക്കളുടെയും രാഷ്‌ട്രീയ താൽപ്പര്യം വ്യക്തമായതോടെ സമരം ഉപേക്ഷിച്ചു. മെയ് വരെയുള്ള കണക്കുപ്രകാരം 98 ശതമാനം ആശമാരും ഫീൽഡിൽ സജീവമാണ്. 86.17 ശതമാനം പേർ മേയിൽ 10,000–-13,000 രൂപവരെ ഓണറേറിയം വാങ്ങിയിട്ടുണ്ട്. 6.81 ശതമാനംപേർ 13,000–-14,000 രൂപ വരെയും 3.94 ശതമാനംപേർ 14,000ന് മുകളിലും ഓണറേറിയം വാങ്ങി. ഉപതെരഞ്ഞെടുപ്പിന് തലേന്ന് സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധത്തിന്റെ നേതൃത്വം ഏറ്റെടുത്ത് നിലമ്പൂരിൽ വോട്ട് പിടിക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.









0 comments