ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: മകന്റെ നീതിക്കായി മരണംവരെയും പോരാടും

എം പി ലിജു
Published on Aug 29, 2025, 12:01 AM | 1 min read
തിരുവനന്തപുരം: എഴുപത് വയസ്സായി. ശാരീരിക ബുദ്ധിമുട്ടുണ്ട്. താങ്ങാകേണ്ട മകനെയാണ് ഉമ്മൻചാണ്ടിയുടെ പൊലീസ് ഇഞ്ചിഞ്ചായി തല്ലിച്ചതച്ച് കൊലപ്പെടുത്തിയത്. മകന്റെ നീതിക്കായി കിടപ്പാടവും വിൽക്കും. മരിക്കുന്നതുവരെ പോരാടും– ഉദയകുമാറിന്റെ അമ്മ ജെ പ്രഭാവതി മകനെയോർത്ത് തേങ്ങിക്കരഞ്ഞു.
‘‘പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഉദയന് രണ്ട് വയസ്സുള്ളപ്പോൾ അവന്റെ അച്ഛൻ പോയി. പിന്നെ എനിക്ക് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജഗതി സ്കൂളിൽ ആയയായി ജോലി ചെയ്താണ് വളർത്തിയത്. ഇപ്പോൾ ആരുമില്ലാതായി. 20 വർഷമായി നീതിക്കായി കോടതികൾ കയറിയിറങ്ങി. മരണംവരെ അത് തുടരാനാണ് എന്റെ വിധി’’ –നെടുങ്കാട് പള്ളിത്താനം ശിവശൈലം വീട്ടിലിരുന്ന് ഹൃദയം പൊട്ടി പ്രഭാവതി പറഞ്ഞു.
2005ൽ ഓണക്കോടി വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഒരു വനിതാ പൊലീസടക്കം മൂന്ന് പൊലീസുകാർ വന്നാണ് മകൻ മരിച്ച വിവരം പ്രഭാവതിയോട് പറഞ്ഞത്. യുഡിഎഫ് ഭരണകാലത്തെ പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ അടയാളമായി ഇന്നും കേരളീയ മനസ്സുകളിൽ ഉദയകുമാർ ഉണ്ട്. ഇടത് യുവജന സംഘടനകൾ നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായാണ് അന്വേഷക സംഘത്തിന് പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനായത്. 2006ൽ എൽഡിഎഫ് സർക്കാർ വന്ന ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരവും വീടും അനുവദിച്ചത്. സിബിഐയുടെ പിടിപ്പുകേട് പ്രതികൾക്ക് ഇപ്പോൾ രക്ഷാകവാടം തുറക്കുകയായിരുന്നു.
സുപ്രീംകോടതിയെ സമീപിച്ചേക്കും
ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചേക്കും. സിബിഐയുടേത് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അന്വേഷണമാണെന്നും അന്വേഷണത്തിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസുകാരായ പ്രതികളെ ഹൈക്കോടതി വെറുതേവിട്ടത്. ചില സാങ്കേതിക പിഴവുകൾ മാത്രമാണുണ്ടായതെന്നും പ്രതികളെല്ലാം വിചാരണക്കോടതിയിൽ കുറ്റം സമ്മതിച്ചതാണെന്നുമടക്കം ചൂണ്ടിക്കാട്ടി സിബിഐ അപ്പീൽ നൽകും. സിബിഐ തിരുവനന്തപുരം സ്പെഷ്യൽ ക്രൈം യൂണിറ്റാകും അപ്പീലിന് സിബിഐ ആസ്ഥാനത്തേക്ക് ശുപാർശ നൽകുക. കേന്ദ്ര അനുമതിയായ ശേഷമായിരിക്കും അപ്പീൽ നൽകുക.









0 comments