പാതിവില തട്ടിപ്പ്: അനന്തുകൃഷ്‌ണന്റെയും ലാലി വിൻസെന്റിന്റെയും അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊച്ചി : പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ട് ഇഡി മരവിപ്പിച്ചു. അനന്തു കൃഷ്ണന്റെ വിവിധ അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 2.38 കോടി രൂപയും ലാലി വിൻസെന്റിന്റെ അക്കൗണ്ടിലെ 1.15 ലക്ഷവുമാണ് മരവിപ്പിച്ചത്. കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ വീട്ടിൽ ഇന്ന് രാവിലെയാണ് ഇഡി പരിശോധയ്ക്കെത്തിയത്. കേസിലെ പ്രധാനസൂത്രധാരൻ ആനന്ദകുമാറിൻ്റെ വീട്ടിലടക്കം എറണാകുളം, ഇടുക്കി, തിരുവന്തപുരം ജില്ലകളിലായി 12 ഇടത്ത് ഇ ഡി റെയ്ഡ് നടത്തി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയാണ് ലാലി വിൻസെന്റ്.
പകുതിവില തട്ടിപ്പിൽ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ പങ്ക് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച റിപ്പോർട്ട് 21നകം സമർപ്പിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. ലാലിയുടെ മുൻകൂർ ജാമ്യഹർജി 24ലേക്ക് മാറ്റിയ കോടതി, അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീട്ടി. മുഖ്യപ്രതി അനന്തുകൃഷ്ണനിൽനിന്ന് തട്ടിപ്പിന്റെ വിഹിതമായ 46 ലക്ഷം രൂപ ലാലി വിൻസെന്റ് കൈപ്പറ്റിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
ലാലി വിൻസെന്റിന്റെ വീടിന് പുറമെ ആനന്ദകുമാറിന്റെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്, തോന്നയ്ക്കൽ സായിഗ്രാമം, അനന്തുകൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസ്, എൻജിഒ കോൺഫെഡറേഷൻ, കടവന്ത്രയിലെ അനന്തു കൃഷ്ണന്റെ ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവിലയ്ക്ക് സ്കൂട്ടർ എന്ന വാഗ്ദാനവുമായി പ്രതി തട്ടിപ്പ് നടത്തിയത്. മണി ചെയിൻ മാതൃകയിലാണ് ഇയാൾ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. പ്രതിയുടെ 11 അക്കൗണ്ടുകളിൽ വന്ന 548 കോടി രൂപ എങ്ങനെയാണ് ചിലവഴിച്ചത് എന്നത് ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്.
0 comments