പാതിവില തട്ടിപ്പ് ; അനന്തു കൃഷ്ണന് 42 കോടി നൽകി , സമ്മതിച്ച് എ എൻ രാധാകൃഷ്ണൻ

കൊച്ചി :
പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന് 42 കോടി രൂപ നൽകിയെന്ന് ക്രൈംബ്രാഞ്ചിനുമുന്നിൽ സമ്മതിച്ച് ബിജെപി കേന്ദ്ര കോർകമ്മിറ്റി അംഗം എ എൻ രാധാകൃഷ്‌ണൻ. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധൻ രാവിലെ 10.15നാണ് എ എൻ രാധാകൃഷ്‌ണൻ ചോദ്യം ചെയ്യലിന് ഹാജരായത്. പകൽ രണ്ടോടെയാണ് ചോദ്യംചെയ്യൽ പൂർത്തിയായത്.
എ എൻ രാധാകൃഷ്ണൻ പ്രസിഡന്റായ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) സൊസൈറ്റി അനന്തു കൃഷ്ണനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യംചെയ്യൽ. സൈൻ സൊസൈറ്റി വഴി പദ്ധതിയിൽ ചേർന്നവർക്ക് പണം മടക്കിനൽകിക്കൊണ്ടിരിക്കുകയാണെന്നും വലിയതുക നൽകേണ്ടതിനാൽ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും രാധാകൃഷ്‌ണൻ പറഞ്ഞു.
അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ തെളിവുകൾ അടക്കം നിരത്തിയായിരുന്നു ചോദ്യംചെയ്യൽ. എ എൻ രാധാകൃഷ്‌ണൻ കൂടിക്കാഴ്‌ച നടത്തിയതായി അനന്തു കൃഷ്‌ണന്റെയും ജീവനക്കാരുടെയും മൊഴിയും ലഭിച്ചു.
ചോദ്യംചെയ്യലിന് ഹാജരാകാൻ എ എൻ രാധാകൃഷ്‌ണന് ഏപ്രിൽ ആദ്യം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഏപ്രിൽ 15ന് ഹാജരാകാനെത്തിയ രാധാകൃഷ്ണൻ മാധ്യമപ്രവർത്തകരെ കണ്ടതോടെ മുങ്ങി. തുടർന്നാണ് ബുധനാഴ്‌ച വീണ്ടും ഹാജരായത്. ക്രൈംബ്രാഞ്ച് എസ്‌പി എം ജെ സോജന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.
പാതിവിലയ്‌ക്ക് സ്‌കൂട്ടർ നൽകുന്ന പദ്ധതിയുടെ തുടക്കംമുതൽ കരാർ ഒപ്പിട്ട് അനന്തു കൃഷ്‌ണനുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു രാധാകൃഷ്‌ണൻ. ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന.









0 comments