പാതിവില തട്ടിപ്പ് ; പണം നൽകിയില്ല , എ എൻ രാധാകൃഷ്‌ണനെതിരെ പ്രതിഷേധം

കൊച്ചി
പാതിവില തട്ടിപ്പിൽ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ പ്രതിഷേധവുമായി തട്ടിപ്പിന് ഇരയായവർ. തട്ടിയെടുത്ത പണം തിരികെ നൽകാതെ തുടർച്ചയായി കബളിപ്പിച്ചതോടെയാണ് ഇരകൾ ഇടപ്പള്ളി മരോട്ടിച്ചുവടിലെ രാധാകൃഷ്‌ണന്റെ ‘സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ’ (സൈൻ) സംഘടനയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചത്. തൃക്കാക്കര പൊലീസിൽ പരാതിയും നൽകി.
ലാപ്‌ടോപ്, ഇരുചക്രവാഹനം എന്നിവ പാതിവിലയ്‌ക്ക് നൽകുമെന്ന വാഗ്‌ദാനത്തിൽ വിശ്വസിച്ച് 20,000 മുതൽ 65,000 രൂപവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ നൽകിയത്. കഴിഞ്ഞ മാർച്ചിലാണ് പണം നൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും വാഹനവും ലാപ്‌ടോപ്പും ലഭിച്ചില്ല. രാധാകൃഷ്‌ണനെ ബന്ധപ്പെട്ടപ്പോൾ പണം മടക്കിനൽകാമെന്ന് ഉറപ്പുനൽകി. വാഗ്‌ദാനം ആവർത്തിച്ചെങ്കിലും പണം ലഭിച്ചില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവർ ഇടപ്പള്ളിയിലെ ഓഫീസിലെത്തി പ്രതിഷേധിച്ചത്.
ഓഫീസിലുള്ളവർ രാധാകൃഷ്‌ണനെ ഫോണിൽ വിളിച്ചെങ്കിലും പഴയ പല്ലവിതന്നെ ആവർത്തിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. 63,500 രൂപയാണ് സൈൻ സംഘടനയ്‌ക്ക് നൽകിയതെന്നും വഞ്ചിക്കപ്പെട്ടതായും തൃശൂർ കണിമംഗലം സ്വദേശി സുധാകരൻ കർത്താ പറഞ്ഞു. മൂന്നുഗഡുക്കളായി പണം നൽകാമെന്നാണ് ഏറ്റവും ഒടുവിൽ രാധാകൃഷ്‌ണൻ അറിയിച്ചതെന്നും ലഭിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
ഒന്നാംപ്രതി അനന്തു കൃഷ്‌ണനുമായി ചേർന്നായിരുന്നു രാധാകൃഷ്‌ണന്റെ തട്ടിപ്പ്.
രണ്ടുതവണ രാധാകൃഷ്‌ണനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തിരുന്നു. അനന്തു കൃഷ്‌ണന് 42 കോടി രൂപ നൽകിയെന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിൽ രാധാകൃഷ്‌ണൻ സമ്മതിച്ചിരുന്നു. അനന്തു കൃഷ്‌ണന്റെ അക്കൗണ്ടുകൾ പരിശോധിച്ച് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സൈൻ സൊസൈറ്റിവഴി പദ്ധതിയിൽ ചേർന്നവർക്ക് പണം മടക്കിനൽകിക്കൊണ്ടിരിക്കുകയാണെന്നും വലിയ തുക നൽകേണ്ടതിനാൽ സാമ്പത്തികബുദ്ധിമുട്ടിലാണെന്നും ചെയർമാൻകൂടിയായ രാധാകൃഷ്‌ണൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു.









0 comments