മഹിളാകോൺഗ്രസ് നേതാവ് ഷീബ സുരേഷിനെ ഇഡി ചോദ്യംചെയ്‌തു
പാതിവില തട്ടിപ്പ് ; അനന്തുകൃഷ്‌ണന്റെ ജീവനക്കാരുടെ മൊഴിയെടുത്തു

കൊച്ചി : പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ സ്ഥാപനത്തിലെ അഞ്ച് ജീവനക്കാരുടെ മൊഴിയെടുത്തു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിലാണ് അന്വേഷകസംഘം മൊഴിയെടുത്തത്. 45 ജീവനക്കാരുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ മറ്റുള്ളവരുടെ മൊഴിയെടുക്കും.
അനന്തു കൃഷ്‌ണന്റെ 23 അക്കൗണ്ടുകളിലെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുതുടങ്ങി. അനന്തു കൃഷ്‌ണന്റെ സാന്നിധ്യത്തിൽ അക്കൗണ്ടന്റുമാരെ ഒപ്പമിരുത്തിയായിരുന്നു പരിശോധന. പല അക്കൗണ്ടുകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ ട്രാൻസ്‌ഫർ ചെയ്‌തിരുന്നു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലക്ഷങ്ങൾ നൽകിയതായി അനന്തു മൊഴി നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായിരുന്നു പരിശോധന. ബുധനാഴ്‌ചയും തുടരും.
വ്യാഴാഴ്‌ച അനന്തു കൃഷ്‌ണന്റെ കസ്‌റ്റഡി കാലാവധി അവസാനിക്കും. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയിട്ടുണ്ട്.
ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർക്കെതിരായ കേസ്: ഹർജി തീർപ്പാക്കി
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർക്കെതിരെ കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം അഭിഭാഷകർ നൽകിയ ഹർജി ഹെെക്കോടതി തീർപ്പാക്കി. പൊലീസ് നൽകിയ വിശദീകരണം പരിഗണിച്ചാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.
ജസ്റ്റിസ് രാമചന്ദ്രൻനായർക്കെതിരെ നിലവിൽ തെളിവില്ലെന്നും അന്വേഷണം പൂർത്തിയാക്കാൻ സാഹചര്യമൊരുക്കണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി ബോധിപ്പിച്ചു. പൊലീസ് അന്വേഷണത്തിൽ കൂടുതൽ വ്യക്തതവരുമെന്നും തുടർന്ന് നിയമ നടപടിക്രമങ്ങൾ പാലിച്ച് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും അറിയിച്ചു.
പാതിവില തട്ടിപ്പിൽ പങ്കുള്ള എൻജിഒയുടെ ഉപദേശകനായി ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ പ്രവർത്തിച്ചിരുന്നു. ഇതിന്റെ പേരിൽ മലപ്പുറം സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പൊലീസ് അദ്ദേഹത്തെ മൂന്നാംപ്രതിയാക്കി കേസെടുത്തത്. ഭരണഘടനാ പദവിയിലിരുന്ന വ്യക്തിക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്തായിരുന്നു അഭിഭാഷകരുടെ ഹർജി. ആരും നിയമത്തിനതീതരല്ലെന്നും എന്നാൽ, ഭരണഘടനാപദവി വഹിച്ചവർക്കെതിരെ കേസെടുക്കുമ്പോൾ സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പരിഗണിക്കണമെന്നും ഹൈക്കോടതി വിലയിരുത്തി.
പാതിവില തട്ടിപ്പുകേസിൽ സായിഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ 27ന് പരിഗണിക്കും.
മഹിളാകോൺഗ്രസ് നേതാവ് ഷീബ സുരേഷിനെ ഇഡി ചോദ്യംചെയ്‌തു
പാതിവിലയ്‌ക്ക് സ്‌കൂട്ടർ നൽകുമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാകോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിനെ ഇഡി 12 മണിക്കൂറിലധികം ചോദ്യം ചെയ്‌തു. അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന. കൊച്ചിയിൽനിന്നുള്ള അഞ്ചംഗ സംഘമാണ് ചോദ്യം ചെയ്‌തത്. ചൊവ്വ രാവിലെ ഒമ്പതിന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു.
വിദേശത്ത് മകളുടെ വീട്ടിലായിരുന്ന ഷീബ ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരമാണ് ഭർത്താവുമൊത്ത് തിങ്കളാഴ്‌ച നാട്ടിലെത്തിയത്. ഇവരുടെ കുമളി ഒന്നാംമൈലിലെ ബഹുനില വീട് വ്യാഴാഴ്‌ച ഇഡി സീൽ ചെയ്‌തിരുന്നു. മുഖ്യപ്രതി അനന്തു കൃഷ്‌ണനും ഷീബ ഉൾപ്പെടെയുള്ളവരും ചേർന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് സീഡ് എന്ന എൻജിഒ സംഘടന രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഇതുമറയാക്കിയായിരുന്നു വൻ തട്ടിപ്പ്. ഇവർക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ഡെവലപ്മെന്റ് സൊസൈറ്റി (എസ്‌പിഐഎആർഡിഎസ്) ചെയർപേഴ്‌സണാണ് ഷീബ. എൻജിഒ കോൺഫെഡറേഷൻ ബോർഡ് അംഗമായിരിക്കെയാണ് അനന്തു കൃഷ്‌ണനുമായുള്ള ബന്ധത്തിന്റെ തുടക്കം. ഇവിടെനിന്നാണ് പകുതി വിലയ്‌ക്ക് സ്‌കൂട്ടർ തട്ടിപ്പിന് കരുക്കൾ നീക്കിയത്. കുടുംബശ്രീ സിഡിഎസ് ഭാരവാഹികളെയും ജനപ്രതിനിധികളെയും ഇവർ തട്ടിപ്പിൽ കുടുക്കി.
0 comments