പാതിവില തട്ടിപ്പ് ; ആനന്ദകുമാറിനെ ജയിലിൽ ചോദ്യം ചെയ്യും

കൊച്ചി : സ്‌കൂട്ടറടക്കം പാതിവിലയ്‌ക്ക് നൽകാമെന്ന പേരിൽ കോടികൾ തട്ടിച്ച കേസിൽ പ്രതിയായ കെ എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് പൂജപ്പുര സെൻട്രൽ ജയിലിലെത്തി ചോദ്യം ചെയ്യും. ഇതിനായി അന്വേഷകസംഘം മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും. അനുമതി ലഭിച്ചാൽ കൂടുതൽ കേസിൽ അറസ്റ്റുണ്ടാകും. 30 കേസാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ കമ്പനിയായ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസിനുവേണ്ടി ആനന്ദകുമാർ നാഷണൽ എൻജിയോസ് കോൺഫെഡറേഷന്റെ നിയമാവലി ഭേദഗതി ചെയ്‌തതായി കണ്ടെത്തിയിരുന്നു. അതുവഴി സ്‌കൂട്ടർ, ഗൃഹോപകരണ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കാനും അധികാരം നൽകി.
അനന്തു കൃഷ്‌ണൻ ഇരുചക്രവാഹന പദ്ധതിയിൽ ഇനി നൽകാൻ ബാക്കിയുള്ളത് 231 കോടി രൂപയാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചു. ഇയാൾ കുടയത്തൂരിൽ വാങ്ങിയ സ്ഥലം കണ്ടുകെട്ടാനും ഇരുചക്രവാഹന പദ്ധതിക്കായി രൂപീകരിച്ച സൊസൈറ്റികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അനന്തു കൃഷ്‌ണന്റെ അഭിഭാഷകയും കോൺഗ്രസ് നേതാവുമായ ലാലി വിൻസെന്റ്, മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷീബ സുരേഷ്, പദ്ധതിനടത്തിപ്പ് ഏജൻസിയായ സർദാർ പട്ടേൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ഡെവലപ്മെന്റ് സൊസൈറ്റി അംഗം ഇന്ദിര കെ നായർ എന്നിവരെയും ചോദ്യം ചെയ്യും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണനെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.









0 comments