പാതിവില തട്ടിപ്പ് കേസ് ; 1400 കേസിൽ 3 മാസത്തിനുള്ളിൽ കുറ്റപത്രം

തിരുവനന്തപുരം
പകുതിവിലയ്‌ക്ക് ഇരുചക്രവാഹനമുൾപ്പെടെ വാഗ്‌ദാനംചെയ്ത് ആയിരക്കണക്കിന് പേരിൽനിന്ന് കോടികൾ തട്ടിയ കേസിൽ മൂന്ന് മാസത്തിനുള്ളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. സാമ്പത്തിക തട്ടിപ്പുകേസ് വിചാരണ ചെയ്യുന്ന ബഡ്സ് കോടതികളിലാകും കുറ്റപത്രം നൽകുന്നത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത പ്രധാന കേസിലെ കുറ്റപത്രം ആദ്യം സമർപ്പിക്കും.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1400 കേസുകളിലാണ് അന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എസ് പി ശ്യാം ലാലിനാണ് കേസിന്റെ മേൽനോട്ടം. ഓരോ ജില്ലയിലെയും കേസ് അതത് ക്രൈംബ്രാഞ്ച് യൂണിറ്റുകളാണ് അന്വേഷിക്കുന്നത്. എല്ലാ കേസിലും നാഷണൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാനും സംഘപരിവാർ സഹയാത്രികനുമായ കെ എൻ ആനന്ദകുമാറും നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോർഡിനേറ്റർ അനന്തു കൃഷ്ണനുമാണ് പ്രധാന പ്രതികൾ.
കേസിന്റെ അന്വേഷണ പുരോഗതി കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ അധ്യക്ഷതയിൽ യോഗംചേർന്ന് വിലയിരുത്തി. ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചാണ് സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടത്തിയത്. ഒരു കേസിൽത്തന്നെ എണ്ണൂറോളം പേർ പരാതിക്കാരായുണ്ട്. ഒരാൾ മാത്രം പരാതിക്കാരായ കേസുകളുമുണ്ട്.
ഒന്നരലക്ഷത്തോളം പേരിൽനിന്നായി 600 കോടിയോളം തട്ടിയെടുത്തതായാണ് കണ്ടെത്തൽ. അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലെ 1.39 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. നാല് വസ്തുവകകളും കണ്ടുകെട്ടി. ആനന്ദകുമാറിന്റെ പേരിലുള്ള സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
ശാസ്‌തമംഗലം സബ് രജിസ്‌ട്രാർ ഓഫീസിൽ 2024 ഫെബ്രുവരി 13നാണ് ഇന്ത്യൻ ട്രസ്‌റ്റ് ആക്ട് പ്രകാരം നാഷണൽ എൻജിയോസ് കോൺഫെഡറേഷൻ രജിസ്‌റ്റർ ചെയ്‌തത്. സ്കൂട്ടർ വാഗ്ദാനം നൽകി 49,386 പേരിൽനിന്ന് 281.43 കോടി രൂപയും ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരിൽനിന്ന് 9.22 കോടി രൂപയും തയ്യൽ മെഷീൻ വാഗ്ദാനം നൽകി 56,082 പേരിൽനിന്ന് 23.24 കോടി രൂപയുമാണ് സംഘം തട്ടിയത്.









0 comments