അനന്തു കൃഷ്‌ണൻ വീണ്ടും റിമാൻഡിൽ
പാതിവില തട്ടിപ്പ് ; എ എൻ രാധാകൃഷ്‌ണന്റെ ‘സൈൻ’ അനന്തു കൃഷ്‌ണന് നൽകിയത് 42 കോടി


ശ്രീരാജ് ഓണക്കൂർ
Published on Feb 28, 2025, 01:09 AM | 1 min read
കൊച്ചി : പാതിവിലയ്‌ക്ക് സ്‌കൂട്ടർ നൽകുന്ന മണി ചെയിൻ തട്ടിപ്പ് പദ്ധതിയിലേക്ക് ബിജെപി നേതാവ് എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ എന്ന സംഘടന നൽകിയത് 42 കോടി രൂപ. മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം നൽകിയത്. ക്രൈംബ്രാഞ്ച് ഇതിന്റെ രേഖകൾ കണ്ടെത്തി.
അനന്തു കൃഷ്‌ണന്റെ കടവന്ത്ര സോഷ്യൽ ബീ വെൻച്വേഴ്‌സ്, കളമശേരി പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻസ് എന്നീ സ്ഥാപനങ്ങളുടെ എറണാകുളം ഇയ്യാട്ടുമുക്ക് ശാഖയിലെ രണ്ട് അക്കൗണ്ടുകളിലേക്കും ചിറ്റേത്തുകര ഗ്രാസ് റൂട്ട് ഇംപാക്ട് --ഫൗണ്ടേഷന്റെ പാലാരിവട്ടം ഐഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലേക്കുമാണ് ‘സൈൻ’ പണം കൈമാറിയത്. മണി ചെയിൻ ഇടപാടനുസരിച്ച് കുറെ വാഹനങ്ങൾ പലപ്പോഴായി നൽകി. 2500 പേർക്ക് ഇനിയും വാഹനം നൽകാനുണ്ട്. അനന്തു കൃഷ്‌ണന്റെ അറസ്‌റ്റിനുപിന്നാലെ, ‘സൈൻ’ പദ്ധതിയിൽ പണം നിക്ഷേപിച്ചവർക്ക് ചെക്ക് നൽകി തടിയൂരാൻ എ എൻ രാധാകൃഷ്‌ണൻ ശ്രമിച്ചിരുന്നു.
അനന്തു കൃഷ്‌ണനും എ എൻ രാധാകൃഷ്‌ണനും ചേർന്ന് 2023ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. അനന്തു കൃഷ്‌ണൻ കോ–-ഓർഡിനേറ്ററായ നാഷണൽ എൻജിയോസ് കോൺഫെഡറേഷനും ‘സൈൻ’ സംഘടനയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനുംപേർക്ക് ഇരുചക്രവാഹനം നൽകി. കേന്ദ്രസർക്കാർ പദ്ധതിയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചാരണം.
രാധാകൃഷ്‌ണന്റെ ചിത്രം പതിച്ച പോസ്‌റ്ററുകൾ വ്യാപകമായി പ്രചരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെ സിഎസ്‌ആർ ഫണ്ട് ഉപയോഗിച്ചാണ് നടത്തിപ്പെന്ന പ്രചാരണം വിശ്വസിച്ചാണ് ഏറെപ്പേരും പണമടച്ചത്. അനന്തുവിന്റെ മൂന്ന് സ്ഥാപനങ്ങളിലെ 11 അക്കൗണ്ടുകളിൽ 548 കോടി രൂപ എത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അനന്തു കൃഷ്‌ണൻ വീണ്ടും റിമാൻഡിൽ
പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണൻ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ അന്വേഷകസംഘം ഇയാളെ കോതമംഗലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയശേഷമാണ് റിമാൻഡ് ചെയ്‌തത്. കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്‌ത നാല് കേസുകളിലാണ് അനന്തു കൃഷ്‌ണനെ കസ്റ്റഡിയിൽ വാങ്ങിയത്. മറ്റ് കേസുകളിൽ വീണ്ടും കസ്റ്റഡിയിലെടുക്കുമെന്നും സൂചനയുണ്ട്.
0 comments