പാതിവിലത്തട്ടിപ്പ് ; അനന്തുകൃഷ്‌ണനൊപ്പം ജീവനക്കാരെയും ചോദ്യംചെയ്‌തു

ആലപ്പുഴ : പാതിവില തട്ടിപ്പ് കേസിൽ അനന്തുകൃഷ്‌ണന്റെ കൊച്ചി ഓഫീസിലെ ജീവനക്കാരെ ബുധനാഴ്‌ച വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തു. ബാങ്ക് അക്കൗണ്ടുകളിൽ വന്ന പണത്തിന്റെ വിവരങ്ങൾ ശേഖരിക്കാനാണ് അക്കൗണ്ടന്റിനെയും രണ്ട് ഓഫീസ് ജീവനക്കാരെയുമാണ് അനന്തുകൃഷ്‌ണന് ഒപ്പമിരുത്തി ആലപ്പുഴ ജില്ലയിലെ കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്‌ത്. പണമെത്തിയ 19 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ. ചോദ്യംചെയ്യലിനുശേഷം അനന്തുകൃഷ്‌ണനെ മൂവാറ്റപുഴ സബ്‌ജയിലിൽ തിരികെയെത്തിച്ചു. അക്കൗണ്ടിലെത്തിയ പണത്തിന്റെ വിനിയോഗവും തട്ടിപ്പിനായി ഉപയോഗിച്ച സീഡ് സൊസൈറ്റിയുടെ പങ്കുമാണ് അനന്തുകൃഷ്‌ണനിൽനിന്ന് പ്രധാനമായും ആരാഞ്ഞതെന്നാണ് വിവരം.
ആലപ്പുഴ ജില്ലയിൽനിന്ന് മാത്രം 1500 പേരിൽനിന്നായി 25 കോടിയിലെറെ തട്ടിയതായി അന്വേഷകസംഘം സംശയിക്കുന്നു. 1000 പേർ രേഖാമൂലം പരാതി നൽകി. പണമിടപാടിന്റെ വിവരങ്ങൾ ലഭിക്കുന്ന മുറയ്‌ക്ക് ഇവരിൽനിന്ന് മൊഴിയെടുത്ത് കേസിന്റെ ഭാഗമാക്കും. അനന്തുകൃഷ്‌ണനിൽനിന്നും ബാങ്ക് ഇടപാടുകളിൽനിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ചശേഷമാകും പരാതികളിൽ ഉൾപ്പെട്ടിട്ടുള്ള സീഡ് ഭാരവാഹികൾ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ തേടുകയെന്ന് അന്വേഷണത്തിന്റെ ചുമതയുള്ള ഡിവൈഎസ്‌പി എ സുനിൽരാജ് ദേശാഭിമാനിയോട് പറഞ്ഞു.
0 comments