പാതിവില തട്ടിപ്പ് : 665 കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും , രജിസ്റ്റർ ചെയ്തത് 1,343 കേസ്

തിരുവനന്തപുരം : പാതിവില തട്ടിപ്പിൽ സംസ്ഥാനത്ത് 1,343 കേസ് പൊലീസ് രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 665 കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപിമേൽനോട്ടം വഹിക്കും. മുഖ്യപ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.
തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ അനന്തുകൃഷ്ണൻ, കെ എൻ ആനന്ദകുമാർ, രവി പന്നക്കൽ, പി പി ബഷീർ, റിയാസ്, മുഹമ്മദ് ഷാഫി എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ആരംഭിച്ച 386 കേസുണ്ട്. സ്കൂട്ടർ വാഗ്ദാനം നൽകി 49,386 പേരിൽനിന്ന് 281.43 കോടി, ലാപ്ടോപ്പ് വാഗ്ദാനം ചെയ്ത് 36,891 പേരിൽനിന്ന് 9.22 കോടി, തയ്യൽ മെഷീൻ വാഗ്ദാനം നൽകി 56,082 പേരിൽനിന്ന് 23.24 കോടി രൂപയും സംഘം തട്ടി. 279 കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൽക്കാല ലാഭം കിട്ടട്ടെയെന്ന് ചിന്തിക്കുമ്പോഴാണ് മോഹനവാഗ്ദാനങ്ങളിൽ വീണുപോകുന്നത്. "എന്നെ പറ്റിച്ചോളൂ' എന്നുപറയുന്ന സ്ഥിതിയാണ്. അംഗീകാരമില്ലാത്ത വിദേശ സ്ഥാപനങ്ങളിൽ വിദ്യാർഥികളെ വിടുന്ന സ്ഥാപനങ്ങളുടെ കാര്യത്തിലും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചോദ്യേത്തരവേളയിൽ സംസാരിച്ചു. മലയാളികളാണ് ഇന്ത്യയിൽ കബളിപ്പിക്കുന്നതിലും കബളിപ്പിക്കപ്പെടുന്നതിലൂം കൂടുതലെന്ന് അദ്ദേഹം പറഞ്ഞു.
0 comments