പാതിവില തട്ടിപ്പ് ; എ എൻ രാധാകൃഷ്‌ണനെതിരെ പൊലീസിൽ പരാതി

കൊച്ചി : പാതിവിലയ്‌ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്‌ണൻ പറ്റിച്ചെന്ന് പൊലീസിൽ പരാതി. പണമടച്ച് ഒരുവർഷം കഴിഞ്ഞിട്ടും സ്‌കൂട്ടർ നൽകിയില്ലെന്ന് എടത്തല പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത് വെല്ലിങ്‌ടൺ ഐലൻഡിലെ ഷിപ്പിങ് കമ്പനി ജീവനക്കാരി എടത്തല തേവയ്‌ക്കൽ സ്വദേശി ഗീത സോമനാഥാണ്. എ എൻ രാധാകൃഷ്‌ണനും അദ്ദേഹം പ്രസിഡന്റായ സൈൻ (സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദ നേഷൻ) സൊസൈറ്റിക്കും എതിരെയാണ് പരാതി.
എടത്തല കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തിൽ 2024 മാർച്ച് 10ന് നടന്ന ചടങ്ങിലാണ് ഹോണ്ട ഡിയോ സ്‌കൂട്ടറിനായി ഗീത 59,500 രൂപ കൈമാറിയത്. സാമൂഹിക സംരംഭകത്വ വികസനപദ്ധതി എന്ന പേരിൽ ‘സ്‌ത്രീശാക്തീകരണത്തിനായി സ്‌ത്രീകൾക്ക് ഇരുചക്രവാഹനം’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് എ എൻ രാധാകൃഷ്‌ണനാണ് ഉദ്‌ഘാടനം ചെയ്‌തത്. 90 പ്രവൃത്തിദിനത്തിനകം സ്‌കൂട്ടർ നൽകുമെന്നായിരുന്നു വാഗ്‌ദാനം.
രാധാകൃഷ്‌ണൻ ഉൾപ്പെടെയുള്ള സംഘാടകരെ പലതവണ ബന്ധപ്പെട്ടിട്ടും സ്‌കൂട്ടർ കിട്ടിയില്ല. എരൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകളിൽ ടോക്കൺ എന്ന പേരിൽ സർട്ടിഫിക്കറ്റ് നൽകി. എന്നിട്ടും സ്‌കൂട്ടർ കിട്ടിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എൻ രാധാകൃഷ്‌ണൻ പ്രസിഡന്റായ ‘സൈൻ’ 42 കോടി രൂപ നൽകിയതിന്റെ രേഖകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. രാധാകൃഷ്‌ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
0 comments