പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ആൽഫിൻ ജോയി , അഭിമന്യു
ഹരിപ്പാട്: പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പുറക്കാട് പഞ്ചായത്ത് പുന്തല ഒറ്റപ്പന ആർദ്രത്തിൽ ആൽഫിൻ ജോയി (13), കരുവാറ്റ പഞ്ചായത്ത് 12-ാം വാർഡിൽ സാന്ദ്രാ ജങ്ഷനിൽ പുണർതം വീട്ടിൽ അഭിമന്യു (14) എന്നിവരാണ് മരിച്ചത്. തിങ്കൾ പകൽ മൂന്നിനായിരുന്നു അപകടം. രണ്ട് സംഘങ്ങളായി എത്തിയ ആൽഫിനും അഭിമന്യുവും ഉൾപ്പെടെ ഏഴുപേർ കുമാരകോടി പാലത്തിനുതാഴെ ആറ്റിൽ കുളിക്കാനിറങ്ങി. കുളിച്ചുകയറുന്നതിനിടെ ഇരുവരും കാല്‍വഴുതി ആഴം കൂടിയ ഭാഗത്തേക്ക് വീണുവെന്നാണ് എന്നാണ് നിഗമനം.
രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും അടിയൊഴുക്കുണ്ടായിരുന്നതിനാൽ വിഫലമായി. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരും തൃക്കുന്നപ്പുഴ പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലപ്പുഴയിൽനിന്നെത്തിയ അഞ്ചംഗ സ്‌കൂബാ സംഘം 4.30ന് പാലത്തിന് സമീപത്തുനിന്ന് ആൽഫിന്റെയും 6.30ന് അഭിമന്യുവിന്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആൽഫിനും മൂന്ന് സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിൽ കുളിക്കാനെത്തിയത്. അഭിമന്യുവിനൊപ്പം രണ്ട് കൂട്ടുകാരുണ്ടായിരുന്നു. തോട്ടപ്പള്ളി സെന്റ് ജോസഫ് സെൻട്രൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആൽഫിൻ. റിട്ട. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ജോയിയുടെയും കാർത്തികപ്പള്ളി താലൂക്ക് ഓഫീസിലെ അറ്റൻഡർ റെജി മോളുടെയും മകനാണ്. സഹോദരി: ആർദ്ര. കരുവാറ്റ എൻഎസ്എസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അഭിമന്യു. അനീഷിന്റെയും രഞ്‌ജിനിയുടെയും മകനാണ്. സഹോദരി: ആദ്യ.









0 comments