കാഞ്ഞങ്ങാട് രണ്ടു നിലക്കെട്ടിടം ഇടിഞ്ഞ് സമീപത്തെ വീടിനു മുകളിലേക്ക് വീണു

കാഞ്ഞങ്ങാട് : കാസർകോട് കാഞ്ഞങ്ങാട് രണ്ടു നിലക്കെട്ടിടം ഇടിഞ്ഞ് സമീപത്തെ വീടിനു മുകളിലേക്ക് വീണു. വെള്ളിക്കോത്ത് - ചാലിങ്കാൽ റോഡിലെ വീണച്ചേരി ഇറക്കത്തിൽ നിർമാണം പൂർത്തിയായ രണ്ടു നില അപാർട്മെന്റാണ് സമീപവാസിയായ വീണച്ചേരിയിലെ ചന്ദ്രൻ നായരുടെ വീട്ടിലേക്ക് ഇടിഞ്ഞുവീണത്. അപാർട്മെന്റിന്റെ തറ ഒഴികെയുള്ള അരിക് ഭാഗങ്ങൾ മുഴുവനായി ഇടിഞ്ഞ് വീണു. വെള്ളി പുലർച്ചെയായിരുന്നു അപകടം. വീടിന്റെ കിടപ്പുമുറിയുടെ ചുമരിലേക്കാണ് കൂറ്റൻ മതിൽ ഉൾപ്പെടെ അപ്പാർട്മെന്റ് തകർന്ന് വീണത്.

അപ്പാർട്മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങളിലെ മണ്ണും ചെങ്കല്ലുകളും കോൺക്രീറ്റ് പാളികളും ഉൾപ്പെടെയുളള ഭാഗങ്ങൾ തകർന്നു വീണു. കൂറ്റൻ കോൺക്രീറ്റ് പാളികൾ വീടിന്റെ സൺഷേഡിൽ വീണു കിടക്കുകയാണ്. അപാർട്മെന്റിലെ കിണറിന് തൊട്ടടുത്ത് വരെയുള്ള ഇന്റർലോക്കും പൂർണമായും ഇളകി വീണിട്ടുണ്ട്. ചന്ദ്രൻ നായരുടെ കിടപ്പ് മുറികളിലെ മൂന്ന് ജനാലകൾ പൂർണമായും തകർന്ന് ജനൽച്ചില്ലുകളും കല്ലും മണ്ണും മുറിയിലേക്ക് വീണു. ശുചിമുറിയുടെ പൈപ്പ് ലൈനും പൂർണമായും തകർന്നു. കെട്ടിടത്തിന്റെ മുറ്റത്തെ വാട്ടർ ടാപ്പ് കോൺക്രീറ്റ് ഭാഗങ്ങൾ ഉൾപ്പെടെ ഇളകിയും ശുചി മുറി പൈപ്പ് ലൈൻ ഉൾപ്പെടെയുള്ളവ പൂർണമായും താഴേക്ക് വീണ് മണ്ണിൽ പുതഞ്ഞ് കിടക്കുന്നുണ്ട്. വീടിനും കെട്ടിടത്തിനും ഇടയിൽ തൊട്ടു പിന്നിലെ വീട്ടുകാർ നടന്നു പോകുന്ന വഴിയിലേക്കാണ് ആൾപ്പൊക്കത്തിൽ മണ്ണും കല്ലും വീണ് കുമിഞ്ഞത്. ഈ വഴി പൂർണമായും അടഞ്ഞു. അപകടം പുലർച്ചെയായതിനാലും അപകട സമയത്ത് ചന്ദ്രൻ നായരുടെ വീട്ടിൽ ആരുമില്ലാതിരുന്നതും വൻ ദുരന്തം ഒഴിവായി.









0 comments