ഡോ.പി യു സുനീഷ് മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ
ദേശീയ പുരസ്കാര നിറവിൽ സംസ്ഥാനത്തെ നാഷണൽ സർവീസ് സ്കീം

തിരുവനന്തപുരം: കേരളത്തിലെ നാഷണൽ സർവീസ് സ്കീമിന് കൂടുതൽ അഭിമാനം പകർന്ന് രണ്ട് ദേശീയ പുരസ്കാരങ്ങൾ. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് എൻഎസ്എസ് യൂണിറ്റിന് മികച്ച പ്രവർത്തനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറും അസോസിയേറ്റ് പ്രൊഫസറുമായ പി യു സുനീഷ് മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനായി.
എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 12 എൻഎസ്‌എസ് സുവർണ്ണ ജൂബിലി ഹോമുകളുടെ പുനർനിർമ്മാണം, നിലമ്പൂരിലെ ആദിവാസി സമൂഹത്തിന് വിദ്യാഭ്യാസ സഹായം, പൊന്നാനി മുനിസിപ്പാലിറ്റി ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ സംഭാവന, കോവിഡ് രോഗികൾക്ക് അടിയന്തര പ്രതികരണ വാഹനം, തവനൂർ പഞ്ചായത്തിലെ മേക്ക് ഇൻ ഇന്ത്യ - ഊർജ്ജ സംരക്ഷണ ഉപകരണ നിർമ്മാണ യൂണിറ്റ്, സംസ്ഥാനതല മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സംസ്ഥാനതല സ്വച്ഛ് ഭാരത് അഭിയാൻ പരിപാടികൾ, പൊതുജന സമ്പർക്ക പ്രവർത്തനങ്ങൾക്കായി തവനൂർ ഗ്രാമത്തിൽ 24x7 ദുരന്ത നിവാരണ വാഹനം തുടങ്ങിയ സന്നദ്ധപ്രവർത്തനങ്ങൾക്കാണ് കലാലയം പുരസ്കാരാർഹമായത്.
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കലാലയത്തിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് ഡോ. പി യു സുനീഷിന് പുരസ്കാരം. ഇടുക്കിയിലെ ദേശീയ സംയോജന ക്യാമ്പിന്റെ കോ–ഓർഡിനേറ്ററുമായിരുന്നു ഡോ. സുനീഷ്. സംസ്ഥാനത്തെ നാഷണൽ സർവീസ് സ്കീം സന്നദ്ധപ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരങ്ങൾ കൂടുതൽ ഊർജ്ജവും പ്രചോദനവും പകരുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. പുരസ്കാരം നേടിയതിന് കലാലയത്തെയും എൻഎസ്എസ് ഘടകത്തെയും ഡോ. സുനീഷിനെയും മന്ത്രി ബിന്ദു അഭിനന്ദിച്ചു.









0 comments