ലോറിയിൽനിന്ന് ബിയർ മോഷ്ടിച്ച് കുടിച്ചവർ ആറ്റിങ്ങലിൽ പിടിയിൽ; തട്ടിയെടുത്തത് 33 കുപ്പികൾ

പിടിയിലായവര്‍ (വലത്)
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിവറേജസ് വെയർഹൗസിലേക്ക് ബിയറുമായി വന്ന ലോറിയിൽ മോഷണം നടത്തി മദ്യംകുടിച്ചവർ പിടിയിൽ. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി സുരേഷ്, തിരുനെൽവേലി സ്വദേശി മണി എന്നിവരാണ് പിടിയിലായത്. ആയിരം ബോട്ടിലുകൾ അടങ്ങിയ ലോഡിൽനിന്ന് 33 കുപ്പികളാണ് ഇവർ മോഷ്ടിച്ചത്.
ഒക്ടോബർ 25നാണ് ബിവറേജസ് വെയർഹൗസിലേക്ക് വന്ന ലോറിയിൽ ഇവർ മോഷണം നടത്തിയത്. വെയർഹൗസിന്‍റെ സമീപം ഒതുക്കിയിട്ടിരിക്കുകയായിരുന്നു ലോറി. ഇതിന് പരിസരത്തുള്ള ഒരു കടയിൽ മറ്റൊരു വാഹനത്തിൽ ലോഡുമായി സുരേഷും സുഹൃത്തായ മണിയും എത്തി. മദ്യവുമായി വന്ന ലോറി കണ്ട ഇരുവരും മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ലോഡ് ഇറക്കിയ സമയത്താണ് മദ്യക്കുപ്പികളുടെ എണ്ണത്തിൽ കുറവ് വന്നത് ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് ബുധനാഴ്ച പിടികൂടുന്നത്.









0 comments