ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു

വാഷിംഗ്ടൺ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു. അമേരിക്കയിലെ ഫോർട്ട് മോഗൻ മുൻസിപ്പൽ വിമാനത്താവളത്തിലാണ് രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചത്. കത്തിയമർന്ന വിമാനത്തിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്കുണ്ട്. കൊളറാഡോയ്ക്ക് വടക്ക് കിഴക്കാണ് ഫോർട്ട് മോഗൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
ഇരു വിമാനങ്ങളും കത്തിനശിച്ച നിലയിൽ കരിയിൽ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സെസ്ന 172 വിമാനവും എക്‌സ്‌ട്രാ ഫ്ലഗ്‌സെഗ്ബൗ ഇഎ300 വിമാനവുമാണ് കൂട്ടിയിടിച്ചത്.
സെസ്ന വിമാനത്തിലെ രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു. എക്‌സ്‌ട്രാ ഫ്ലഗ്‌സെഗ്ബൗ ഇഎ300 വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് പൈലറ്റുമാരും ഒരേ സമയത്ത് ലാൻഡ് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിന് കാരണമായത്. രണ്ട് പേർ വീതമാണ് ഓരോ വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ വിശദമാക്കിയത്.
വലിയ രീതിയിൽ കറുത്ത പുകയും തൊട്ടുപിന്നാലെ തീയും സംഭവത്തിന് പിന്നാലെ റൺവേയ്ക്ക് സമീപത്ത് ഉയർന്നു. വിമാനത്തിന് പുറത്തിറങ്ങാൻ സാധിക്കാതെ പോയ ആളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.









0 comments