ബിഎസ്‌എൻഎൽ ഫൈബർ കണക്ഷനിൽ ടിവി ചാനലും

മലപ്പുറം: ബിഎസ്‌എൻഎൽ ഫൈബർ കണക്ഷൻ എടുത്താൽ ഇനി ടിവി ചാനലുകളും കാണാം. ഫോൺ വിളികൾക്കും ഇന്റർനെറ്റ് സേവനങ്ങൾക്കും പുറമെയാണ് ഐഎഫ്ടിവി സേവനം ബിഎസ്‌എൻഎൽ അവതരിപ്പിക്കുന്നത്. ഫൈബർ കണക്‌ഷനെടുത്താൽ സേവനം സൗജന്യമായി ലഭിക്കും. സ്വകാര്യ കേബിൾ ശൃംഖലപോലെ പ്രത്യേക മോഡം ആവശ്യമില്ല.
ഇന്ത്യയിലെ മുൻനിര ഐപിടിവി ദാതാവായ സ്കൈ പ്രോയുമായി സഹകരിച്ചാണിത്. അതിവേഗ ഇന്റർനെറ്റ്, ടെലിഫോൺ സേവനം, ലൈവ് ടിവി ചാനൽ എന്നിവ ഒറ്റ കണക്‌ഷനിലേക്ക് പരിധിയില്ലാതെ ലഭിക്കും. സ്വകാര്യ ടിവി കേബിൾ കണക്‌ഷനുകളേക്കാൾ നിരക്കും കുറവാണ്. മൂന്നു മാസത്തേക്ക് 999 രൂപയും ആറുമാസത്തേക്ക് 1999 രൂപയുമാണ്. 25–- 30 എംബിപിഎസാണ് വേഗം. ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഉപയോക്താക്കൾക്ക് https://fms.bsnl.in/iptvregൽ രജിസ്റ്റർ ചെയ്ത്, മൊബൈൽ നമ്പറിനൊപ്പം എഫ്ടിടിഎച്ച് നമ്പർ സമർപ്പിച്ച് ഐഎഫ്ടിവി സേവനം ഉപയോഗപ്പെടുത്താം.
സ്മാർട്ട് ടിവിയിൽ സ്കൈ പ്രോ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ 500-ലധികം എച്ച്ഡി/എസ്ഡി ലൈവ് ടിവി ചാനലുകൾ ആസ്വദിക്കാം. നിശ്ചിത നിരക്കിൽ പേ ചാനൽ കാണാനുള്ള അവസരം അടുത്തഘട്ടം സജ്ജമാകും. നിലവിൽ ഏഴ് ലക്ഷംപേർ ബിഎസ്‌എൻഎൽ ഫൈബർ കണക്‌ഷൻ എടുത്തിട്ടുണ്ട്.









0 comments