തുരങ്കപാത: കൂറ്റൻ യന്ത്രങ്ങൾ രണ്ടാഴ്ചയ്ക്കകം എത്തും; നിർമാണത്തിന് അതിവേഗം


സ്വന്തം ലേഖകൻ
Published on Sep 02, 2025, 09:55 AM | 1 min read
കോഴിക്കോട്: ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത നിർമാണത്തിനാവശ്യമായ കൂറ്റൻ യന്ത്രങ്ങളും ഉപകരണങ്ങളും ഇൗ മാസം പകുതിയോടെ വയനാട്ടിലെത്തും. വനം, നിയമവകുപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഉപകരണങ്ങൾ മേപ്പാടിയിലെത്തിക്കുക. നിർമാണത്തിനായി ഏറ്റെടുക്കുന്ന വനം ഭൂമിക്ക് പകരമായി നൽകുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ബുധനാഴ്ച ഇറങ്ങുന്നതോടെ കരാർ കമ്പനി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
സെപ്‌തംബർ 12ന് ആനക്കാംപൊയിൽ ഭാഗത്തുനിന്നുള്ള താൽക്കാലിക പാലം നിർമാണം ആരംഭിക്കും. ഡിസംബർ 12നകം ഇൗ നിർമാണം പൂർത്തിയാക്കും. 15ന് കരാറുകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൊങ്കൺ റെയിൽവേ കോർപറേഷൻ (കെആർസിഎൽ) കമ്പനിക്ക് കൈമാറും. അന്നുതന്നെ സൈറ്റ് ക്യാമ്പും ഓഫീസും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ തുടങ്ങും. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഒക്ടോബർ ഒന്നിന് മേപ്പാടി ഭാഗത്തുനിന്നുള്ള മണ്ണ് നീക്കലടക്കമുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ജനുവരി 31ഓടെ ഇൗ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആനക്കാംപൊയിൽ ഭാഗത്തുനിന്നുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഡിസംബർ 12ന് ആരംഭിക്കും.
ജനുവരി 31നകം ഇൗ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. സെപ്തംബർ 20ന് കരാറുകാരനുള്ള അഡ്വാൻസ് തുകയുടെ ആദ്യഗഡു കൈമാറും. വനയാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണം അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനാണ് കെആർസിഎല്ലും പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. ഇതിന് അനുസരിച്ചുള്ള സമയക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. 60 മാസമാണ് കരാർ കമ്പനിക്ക് നൽകിയിരിക്കുന്ന സമയം. ഇതിന് മുന്നേ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കെആർസിഎൽ പ്രകടിപ്പിക്കുന്നത്.









0 comments