ട്രംപ് സാമ്രാജ്യത്വത്തിന്റെയും മോദി വർഗീയതയുടെയും പ്രതീകം: എം എ ബേബി

കാസർകോട്: സാമ്രാജ്യത്വത്തിന് ഡൊണാൾഡ് ട്രംപെന്നും വർഗീയതയ്ക്ക് നരേന്ദ്ര മോദിയെന്നും ആഗോള രാഷ്ട്രീയത്തിൽ നിർവചനം രൂപപ്പെട്ടതായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ലക്ഷണമൊത്ത രണ്ട് പ്രതീകങ്ങളായി ഇവർ മാറിക്കഴിഞ്ഞു. ട്രംപിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ നവസാമ്രാജ്യത്വത്തിന്റെ എല്ലാം തികഞ്ഞ ഉദാഹരണമാണെന്ന് ബോധ്യമാകും. വിഭജിച്ച് ഭരിക്കുകയെന്ന സാമ്രാജ്യത്വ തന്ത്രംതന്നെയാണ് മോദിയും നടത്തുന്നത്. –- കാസർകോട് എ കെ ജി മന്ദിരത്തിൽ ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘സാമ്രാജ്യത്വവും വർഗീയതയും' പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.
അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ പ്രസിഡന്റ് എന്ന ഭാവത്തിലാണ് ട്രംപ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്ക് ഇരട്ടച്ചുങ്കം ഏർപ്പെടുത്താനുള്ള പ്രഖ്യാപനം ഇതിന്റെ ഉദാഹരണമാണ്. അധികാരം സംരക്ഷിക്കാനാണ് യുദ്ധം. നെതന്യാഹു പലസ്തീനെ ആക്രമിക്കുന്നതിന്റെ കാരണവും ഇതുതന്നെ. ‘പലസ്തീനൊപ്പം’ എന്ന ഗാന്ധിജിയുടെ നിലപാടാണ് പിന്മുറക്കാർ കൈയൊഴിയുന്നത്. പലസ്തീനൊപ്പമാണെന്നു പറഞ്ഞാൽ അപകടമുണ്ടാകുമെന്ന ഇസ്ലാമോഫോബിയ പലർക്കുമുണ്ട്. ലോകത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണ് പലസ്തീൻ. പലസ്തീനുവേണ്ടി സംസാരിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്നും ബേബി പറഞ്ഞു.









0 comments