തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം

athachamayam

അത്തം ന​ഗറിൽ വ്യവസായ മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 26, 2025, 10:37 AM | 2 min read

തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം. നഗരസഭാ അത്താഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഘോഷയാത്ര രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അത്തം ന​ഗറിൽ വ്യവസായ മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കെ ബാബു എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു.


തൃപ്പൂണിത്തുറയിലെ മാത്രം ആഘോഷമല്ല മറിച്ച് ലോകത്ത് എവിടെയെല്ലാം മലയാളികളുണ്ടോ അവിടെയെല്ലാം ഓണവും ഓണത്തിന്റെ ഭാ​ഗമായുള്ള ആഘോഷങ്ങളുമുണ്ടാകും എന്ന് നടൻ ജയറം പറഞ്ഞു. മതനിരപേക്ഷതയുടെ വലിയ അടയാളം കൂടിയാണ് അത്തച്ചമയ ആഘോഷം. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിൽ അരയൻ, നെട്ടൂർ തങ്ങൾ എന്നിവരുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.


ATHACHAMAYAM MB RAJESHഅത്തച്ചമയ ഘോഷയാത്ര തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.


ബോയ്സ് ഹൈസ്കൂളിൽനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി പകൽ രണ്ടോടുകൂടി തിരികെ അവിടെത്തന്നെ എത്തിച്ചേരും. വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരന്നു. രാവിലെ 10 മുതൽ പകൽ ഒന്നുവരെ സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കളമത്സരം നടക്കും. മൂന്നുമുതൽ രാത്രി പത്തുവരെ അത്തപ്പൂക്കള പ്രദർശനവും നടക്കും.


ഹാബലി, പല്ലക്ക്, തൃശൂർ പുലികളി, വിവിധ പ്രച്ഛന്നവേഷങ്ങൾ, കളരിപ്പയറ്റ്, പഞ്ചവാദ്യം, തകിൽ, ചെണ്ടമേളം, ശിങ്കാരിമേളം, തമ്പോലമേളം, ബാൻഡ് മേളം, കാവടി, തെയ്യം, തിറ, പടയണി, മാരിത്തെയ്യം, ആലാമികളി, കാർട്ടൂൺ കഥാപാത്രങ്ങൾ, ഉയരം കൂടിയ ബൊമ്മകൾ, കെട്ടുകാള, ഗരുഡൻപറവ മേളം, ഡോൾ ഡാൻസ്, ദേവനൃത്തം, അർജുനനൃത്തം, റോയൽ റണ്ണേഴ്‌സിന്റെ ഹാഫ് മാരത്തൺ, ടാബ്ലോകൾ തുടങ്ങിയവ ഘോഷയാത്രയെ ആകർഷകമാക്കി.


ATHACHAMAYAM


ഭിന്നശേഷി സൗഹൃദമായാണ് അത്തച്ചമയ ഘോഷയാത്ര ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ നാനാ തുറയിലുള്ള ആളുകളെയു ഉൾച്ചേർത്തുള്ള സജ്ജീകരണങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. കേരളത്തിലെ നാടൻ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിച്ച് ഘോഷയാത്രയിൽ അണിനിരത്തിയിട്ടുണ്ട്. നിശ്ചല ദൃശ്യങ്ങളും അന്യ സംസ്ഥാനങ്ങളിലെ പ്രസിദ്ധ കലാരൂപങ്ങൾ വരെ ഘോഷ യാത്രയിൽ ഇടംപിടിച്ചു. അത്തച്ചമയ ഘോഷയാത്രയുടെ ഭാ​ഗമായി ന​ഗരത്തിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 450 പൊലീസ് ഉദ്യോ​ഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചു.


രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേകമായ ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസമൃദ്ധമായ ഘോഷയാത്രയോടുംകൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നുളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചശേഷം ഇത് തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു. അങ്ങനെയാണ് ജനകീയ അത്തച്ചമയത്തിനു തുടക്കം കുറിച്ചത്.


ATHACHAMAYAM ഘോഷയാത്രയിൽ നിന്ന്




deshabhimani section

Related News

View More
0 comments
Sort by

Home