ആലുവയിൽ ട്രാക്കിൽ മരം വീണു; ട്രെയിൻ ഗതാഗതം മുടങ്ങി

ചൂർണിക്കര അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കുകൾക്ക് മുകളിൽ കൂറ്റൻ ആൽമരം വീണപ്പോൾ
ആലുവ: ശക്തമായ കാറ്റിലും മഴയിലും ചൂർണിക്കര അമ്പാട്ടുകാവിൽ റെയിൽവേ ട്രാക്കിനുമുകളിലേക്ക് കൂറ്റൻ ആൽമരം വീണു. തിങ്കൾ രാത്രി 8.30 ഓടെയാണ് അമ്പാട്ടുകാവ് ചുമട്ടുതൊഴിലാളി യൂണിയൻ ഓഫീസിനുപിന്നിലെ മരം മറിഞ്ഞത്. റെയിൽവേ ട്രാക്കിലെ രണ്ട് വൈദ്യുതിലൈനുകൾ പൊട്ടി. ഇതോടെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
അഗ്നി രക്ഷാസേനയും റെയിൽവേ ജീവനക്കാരുമെത്തി മരം മുറിച്ചുമാറ്റി. തിരുവനന്തപുരം– നാഗർകോവിൽ നോർത്ത് പാസഞ്ചർ എക്സ്പ്രസ് റദ്ദാക്കി. എറണാകുളം ജങ്‌ഷനിൽനിന്ന് ചൊവ്വ രാവിലെ 6.50ന് പുണെയിലേക്ക് പുറപ്പെടുന്ന പൂർണ എക്സ്പ്രസ് 9.15നാകും പുറപ്പെടുക. മരം മുറിച്ചുമാറ്റി വൈദ്യുതിലൈനുകൾ പുനഃസ്ഥാപിച്ചതിനുശേഷമെ പാതയിലൂടെ ഗതാഗതം പൂർണതോതിൽ ആകൂ എന്ന് റെയിൽവേ അറിയിച്ചു.
കോഴിക്കോട് വീടിന്റെ മേൽക്കൂരയും മരവും പാളത്തിൽ പതിച്ചതിനാൽ - ഷൊർണൂർ–-മംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കനത്ത മഴയിലും ചുഴലിക്കാറ്റിലും കല്ലായിക്കും ഫറോക്കിനും ഇടയിൽ ബേപ്പൂർ മാത്തോട്ടത്ത് 659\7 ലൈനിലെ വീടിന്റെ മേൽക്കൂരയും മരവുമാണ് റെയിൽവേ ട്രാക്കിൽ പതിച്ചത്. തിങ്കൾ രാത്രി ഏഴോടെയാണ് സംഭവം.
കനത്ത ചുഴലിക്കാറ്റിൽ റെയിൽപാതയ്ക്ക് നൂറുമീറ്ററോളം അകലെയുള്ള ഒരു വീടിന്റെ മേൽക്കൂര പാളത്തിലെ വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. ഇതോടൊപ്പമാണ് സമീപത്തെ വീട്ടുവളപ്പിലെ മാവും പാളത്തിൽ വീണത്. രണ്ടു പാളത്തിലായി വീണതിനാൽ ഇരുപാതകളിലും ഗതാഗതം തടസ്സപ്പെട്ടു. ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി.
സംഭവം നടന്ന് അൽപ സമയത്തിനികം ഷൊർണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുവന്ന ട്രെയിൻ കുറച്ചകലെയും എതിർ ദിശയിൽ നിന്നെത്തിയിരുന്ന വണ്ടി കല്ലായിയിലും പിടിച്ചിട്ടു. ബേപ്പൂർ പൊലീസും മീഞ്ചന്ത ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റെയിൽവെ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് ജീവനക്കാർ എത്തിയാണ് തടസ്സം പൂർണമായും നീക്കിയത്.
തിരുവല്ലയിൽ റെയിൽവേ യാർഡിൽ മരം വീണതിനെ തുടർന്ന് രാവിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. രാവിലെ പത്ത് മണിക്ക് ശേഷമാണ് മരം ട്രാക്കിൽ വീണത്. വേളാങ്കണ്ണി- എറണാകുളം എക്സ്പ്രസ് വരുന്നതിന് മുന്നെയാണ് അപകടം ഉണ്ടാകുന്നത്. എഞ്ചിനീയർമാരും ഇലക്ട്രീഷ്യൻമാരുമടക്കമുള്ളവർ കൃത്യ സമയത്ത് സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി. 11.55 ഓടെ റെയിൽ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.









0 comments