എആർടി നിയമത്തിൽ വ്യവസ്ഥയില്ലെന്ന് കേന്ദ്രസർക്കാർ
print edition അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണം ; ട്രാൻസ്ജെൻഡർ ഹെെക്കോടതിയിൽ

കൊച്ചി
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുമുമ്പ് അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചുവയ്ക്കാൻ അനുമതി തേടി 28-കാരനായ ട്രാൻസ് മാൻ ഹൈക്കോടതിയിൽ. ആറ്റിങ്ങൽ സ്വദേശിയായ ഹരി ദേവഗീതാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹോർമോൺ ചികിത്സ, സ്തനനീക്കം ഉൾപ്പെടെയുള്ള ലിംഗമാറ്റ ചികിത്സകൾ ഹരി പൂർത്തിയാക്കിയിട്ടുണ്ട്. ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയാണ്. ഇതിനുമുമ്പ് തന്റെ മാതൃത്വം നിലനിർത്താനാണ് അണ്ഡകോശങ്ങൾ സൂക്ഷിക്കണമെന്ന് ആഗ്രഹിച്ചത്.
സ്വകാര്യ ക്ലിനിക്കിനെ സമീപിച്ചെങ്കിലും, ട്രാൻസ് വ്യക്തികൾക്ക് അണ്ഡകോശങ്ങൾ സൂക്ഷിക്കാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചു. സ്ത്രീ - പുരുഷ ദമ്പതികൾക്കും അവിവാഹിതയായ സ്ത്രീക്കുംമാത്രമാണ് നിലവിൽ അണ്ഡകോശം ശീതീകരിക്കുന്നതിനുള്ള അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി) അനുമതിയുള്ളൂവെന്ന് കേന്ദ്രസർക്കാർ ഹർജിയിൽ വിശദീകരണം നൽകി. ട്രാൻസ് വ്യക്തികളോ അവിവാഹിതരായ പുരുഷന്മാരോ ഇൗ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. മാത്രമല്ല, പൂർണ ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം ഹരിക്ക് ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കാനാകില്ല. കൂടാതെ, ട്രാൻസ് പുരുഷന് തന്റെ അണ്ഡകോശം ഉപയോഗിച്ച് വാടകഗർഭധാരണത്തിനും അനുമതിയില്ല. ഈ വ്യവസ്ഥകൾ നിയമവിരുദ്ധമാണെന്നും ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ അവകാശം നിഷേധിക്കരുതെന്നുമാണ് ഹരിയുടെ വാദം. ഡിസംബർ ഒന്നിന് വീണ്ടും വാദം കേൾക്കും.









0 comments