സർക്കാർ നൽകുന്നത് പൂർണ പിന്തുണ

ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്ററിന് തുടക്കം

bindu minister
വെബ് ഡെസ്ക്

Published on May 12, 2025, 10:31 PM | 2 min read

കാക്കനാട് : ട്രാൻസ്ജെൻഡർ വിഭാഗത്തിന് നിരുപാധിക പിന്തുണയാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കാക്കനാട് സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ട്രാൻസ് വ്യക്തികളും മനുഷ്യരാണെന്ന് അംഗീകരിച്ചുകൊണ്ട് അവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകാൻ പ്രതിബദ്ധതയുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന സർക്കാരാണ് ഇന്നുള്ളത്.


2015-ൽ രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ പോളിസി നടപ്പാക്കിയ കേരളം അവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ധാരാളം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മഴവില്ല് എന്ന സമഗ്ര പദ്ധതിയുടെ കീഴിൽ ട്രാൻസ് വ്യക്തികളുടെ വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും വരുമാനദായകമായ സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് അവരെ കൊണ്ടുപോകുന്നതിനും കലാകായിക മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പദ്ധതികൾ നടപ്പാക്കുന്നുണ്ട്.


പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ധനസഹായം നൽകി വരുന്നുണ്ട്. സ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപയും പ്ലസ് ടു വിദ്യാർഥികൾക്ക് പ്രതിമാസം 1500 രൂപയും കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം 2500 രൂപയുമാണ് സ്കോളർഷിപ്പായി നൽകുന്നത്. പ്രൊഫഷണൽ വിദ്യാർഥികൾക്കായി "പഠനം" എന്ന പേരിലും വിദൂര വിദ്യാഭ്യാസത്തിന് പോകേണ്ടവർക്ക് "വർണ്ണം" എന്ന പേരിലും വിദ്യാഭ്യാസം പാതിവഴിയിൽ മുറിഞ്ഞു പോയവർക്ക് സാക്ഷരതാ മിഷനുമായി കൈകോർത്തുകൊണ്ട് "സമന്വയ " എന്ന പേരിലും പദ്ധതികൾ നടപ്പാക്കുന്നുണ്ട്.


പ്രതിസന്ധികളിൽ അകപ്പെട്ടു പോകുന്നവർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് "കരുതൽ". ഇതുവഴി കൗൺസിലിംഗ് ഉൾപ്പെടെയുള്ളവ നൽകും. ഇതിൻ്റെ തുടർച്ച കൂടിയാണ് ക്രൈസിസ് ഇൻ്റർവെൻഷൻ സെൻ്റർ. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പെട്ടെന്ന് എത്തിച്ചേരാവുന്ന ഒരു സുരക്ഷിത സ്ഥാനം എന്ന നിലയിലും വൈദ്യസഹായം, കൗൺസിലിംഗ് തുടങ്ങി ഏത് സേവനമാണോ വേണ്ടത് ആ സേവനങ്ങളിലേക്ക് ട്രാൻസ് സമൂഹത്തെ നയിക്കാനും ലക്ഷ്യമിട്ടാണ് ഇൻ്റർവെൻഷൻ സെൻ്റർ വിഭാവനം ചെയ്തിട്ടുള്ളത്.

ട്രാൻസ് വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ട സമ്പൂർണ്ണമായ സാമ്പത്തിക സഹായം സർക്കാർ നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ട്രാൻസ് മെന്നിന് അഞ്ച് ലക്ഷം രൂപ വരേയും ട്രാൻസ് വുമണിന് രണ്ടര ലക്ഷം രൂപ വരേയുമാണ് നൽകുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആറുമാസത്തേക്ക് 3000 രൂപ വീതം അലവൻസും നൽകുന്നു. "യജ്ഞം" എന്ന പദ്ധതിയിലൂടെ അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് വേണ്ട എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട് "പ്രൈഡ്" എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ട്രാൻസ് സമൂഹത്തിനു വേണ്ടി തൊഴിൽ സംവരണം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.


"വർണ്ണപ്പകിട്ട്" എന്ന പേരിലുള്ള കലോത്സവം ഏറ്റവും മികവാർന്ന നിലയിലാണ് കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളായി നടന്നുവരുന്നത്. "അനന്യം" എന്ന പേരിൽ ഒരു കലാ ട്രൂപ്പും ട്രാൻസ്ജെൻഡേഴ്സിന്റേതായി രൂപീകരിച്ചിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിൽ ഇവർക്ക് അവസരം നൽകിവരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇവർക്കായി സ്ഥിരം വേദി ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആലോചിച്ചു വരികയാണ്.


ഈ വർഷം മുതൽ ട്രാൻസ് സമൂഹത്തിന് വേണ്ടി പാർപ്പിട പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലമുള്ളവർക്ക് വീട് വെക്കാനും ലൈഫ് പദ്ധതിയിൽ സാങ്കേതികമായി ഉൾപ്പെടാൻ കഴിയാത്തവർക്ക് വീട് വയ്ക്കാനും ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അതിൻ്റെ ഭാഗമായി അഡ്വാൻസ് എന്ന നിലയിൽ പണം നൽകാനും സാധിക്കുന്ന വിധത്തിൽ ഒന്നിലധികം സ്കീമുകളാണ് പാർപ്പിട പദ്ധതി എന്ന രീതിയിൽ രൂപീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home