കെ ആർ ജ്യോതിലാൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി; ഐഎഎസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്‌ക്ക് വനം വന്യജീവി വകുപ്പിന്റെ പൂർണ അധികച്ചുമതല നൽകി. പൊതുഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിനെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നികുതി, പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സ് എന്നിവയുടെ പൂർണ അധിക ചുമതലയും റീബിൽഡ് കേരള സിഇഒയുടെ ചുമതലയുമുണ്ടാകും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിനെ തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പട്ടികജാതി – പട്ടികവർഗ വകുപ്പിന്റെയും പിന്നാക്ക ക്ഷേമ വകുപ്പിന്റെയും ഊർജ വകുപ്പിന്റെയും പൂർണ അധികച്ചുമതലയും നൽകി.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയ്‌ക്കാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കര വകുപ്പിന്റെ പൂർണ അധികച്ചുമതല. പൊതുമരാമത്ത് സെക്രട്ടറി കെ ബിജുവിന് പൊതുഭരണ വകുപ്പിന്റെയും ഗതാഗത (വ്യോമ, മെട്രോ, റെയിൽവെ) വകുപ്പിന്റെയും പൂർണ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ സെക്രട്ടറി കേശവേന്ദ്ര കുമാറാണ് ധന വകുപ്പ് സെക്രട്ടറി. ലാൻഡ് റവന്യൂ കമ്മീഷണർ ഡോ. എ കൗശിഗന് സൈനിക ക്ഷേമ വകുപ്പിന്റെ പൂർണ അധിക ചുമതല നൽകി. ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വം കമ്മീഷണറുടെ പൂർണ അധിക ചുമതലയും നൽകി.
കെഎസ്‌ഐഡിസി എംഡി മിർ മുഹമ്മദ് അലിയെ കെഎസ്‌ഇബി സിഎംഡിയായി നിയമിച്ചു. വ്യവസായ വികസന വകുപ്പ് എംഡിയുടെയും ഊർജ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെയും പൂർണ അധിക ചുമതലയുമുണ്ടാകും. വാട്ടർ അതോറിറ്റി എംഡി ജീവൻ ബാബുവിന് റിസീലിയന്റ് കേരള മിഷൻ ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകി. സാമൂഹ്യ നീതിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ളയ്‌ക്ക് തദ്ദേശസ്വയം ഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ പൂർണ അധികച്ചുമതല നൽകി. ധനവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. എസ് ചിത്രയെ തദ്ദേശസ്വയംഭരണ അഡീഷണൽ സെക്രട്ടറി ആൻഡ് ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി മാറ്റിനിയമിച്ചു. തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറുടെ അധികച്ചുമതലയും നൽകിയിട്ടുണ്ട്.









0 comments