യുവതിയുടെ നില അതീവ ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
print edition ട്രെയിനിൽ കാമറയുമില്ല സുരക്ഷയുമില്ല ; ഫലപ്രദമായ നടപടികളെടുക്കാതെ റെയിൽവെ

തിരുവനന്തപുരം
ട്രെയിനിൽ യാത്രക്കാർക്കെതിരായ ആക്രമണങ്ങൾ തുടരുന്പോൾ ഫലപ്രദമായ നടപടികളെടുക്കാതെ റെയിൽവെ. സുരക്ഷയൊരുക്കുമെന്ന പ്രഖ്യാപനങ്ങൾ മാത്രം ബാക്കി. ഞായറാഴ്‌ച കേരള എക്‌സ്‌പ്രസിൽ യുവതിയെ മദ്യപൻ ട്രെയിനിൽനിന്ന് തള്ളിയിട്ടപ്പോൾ ട്രെയിനിൽ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്) സമീപത്തെങ്ങുമുണ്ടായിരുന്നില്ല. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ട്രെയിനായതിനാലാണ് സേനാംഗങ്ങളെ നിയോഗിക്കാത്തതെന്നാണ് റെയിൽവേയുടെ ന്യായീകരണം. കേരള എക്‌സ്‌പ്രസിന്റെ ഗാർഡാണ് ഒരാളെ ട്രെയിനിൽനിന്ന് തള്ളിയിട്ട കാര്യം കൊച്ചുവേളി ആർപിഎഫ് സ്റ്റേഷനിൽ അറിയിച്ചത്.
കേരളത്തിലോടുന്ന എക്‌സ്‌പ്രസ്, പാസഞ്ചർ ട്രെയിനുകളിൽ റെയിൽവേ ഇതുവരെ സിസിടിവി കാമറ സ്ഥാപിച്ചിട്ടില്ല. കോടികളുടെ നിർഭയഫണ്ട് ഉണ്ടെന്ന് വീന്പുപറയുന്ന കേന്ദ്രസർക്കാർ യാത്രക്കാരുടെ സുരക്ഷ പരിഗണിക്കുന്നേയില്ല. രാജ്യത്തുള്ള 15,000 യാത്രാട്രെയിനുകളിൽ എത്രയെണ്ണത്തിൽ കാമറകൾ സ്ഥാപിച്ചെന്നും പറയുന്നില്ല. കാമറയുള്ളത് വന്ദേഭാരതിൽ മാത്രം. മറ്റ് ട്രെയിനുകളുടെ കോച്ചിൽ നാല് കാമറ വീതം സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം–ഷൊർണൂർ പാസഞ്ചറിൽനിന്ന് സൗമ്യ എന്ന യുവതിയെ തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നാടിനെ നടുക്കിയ സംഭവത്തെ തുടർന്ന് വനിതായാത്രക്കാരുടെ സുരക്ഷയ്‌ക്കായി പല പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും നടപ്പായില്ല. 2023 ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ–കണ്ണൂർ എക്‌സ്‌പ്രസിന്റെ കോച്ചിന് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ കുഞ്ഞുൾപ്പെടെ മൂന്നുപേർക്ക് ജീവൻനഷ്‌ടമായി. 2024 ഏപ്രിൽ രണ്ടിന് എറണാകുളം–പട്‌ന സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലെ ടിടിഇ വിനോദിനെ യാത്രക്കാരൻ തള്ളിയിട്ടുകൊന്നു.
1977ലെ സ്റ്റാഫ് പാറ്റേൺ അനുസരിച്ചാണ് ആർപിഎഫ് നിയമനം. അതിനുശേഷം നിരവധി ട്രെയിനുകൾ വന്നു. യാത്രക്കാരും വർധിച്ചു. പ്ലാറ്റ്‌ഫോമുകളിലും ആവശ്യത്തിന് പരിശോധനയ്‌ക്ക് ആളില്ല. നാമമാത്ര ട്രെയിനുകളിലാണ് രാത്രികാല പരിശോധന.
യുവതിയുടെ നില അതീവ ഗുരുതരം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്
കേരള എക്‌സ്‌പ്രസിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി (സോനു, 20)ക്ക് ട്രാക്കുകൾക്കിടയിൽ തലയിടച്ച് വീണാണ് ഗുരുതരമായ പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. പ്രതിയായ വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാറിനെ (50) റിമാൻഡ് ചെയ്‌തു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പുറത്തേക്ക് ചവിട്ടി തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു.
ഞായർ രാത്രി എട്ടോടെ വർക്കല അയന്തിപാലത്തിന് സമീപത്താണ് സംഭവം. നിലവിളി കേട്ട് മറ്റ് യാത്രക്കാർ ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കൊച്ചുവേളിയിൽവച്ച് പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നടത്തിയ തിരച്ചിലിലാണ് അയന്തി പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.









0 comments