print edition വര്‍ക്കല സംഭവം: യാത്രക്കാരുടെ സുരക്ഷ 
പ്രഖ്യാപനത്തിൽ മാത്രം

sreekuty
avatar
സുനീഷ്‌ ജോ

Published on Nov 05, 2025, 12:15 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളിലായി റെയിൽവേയ്‌ക്ക്‌ കേരളത്തിലാകെ സംരക്ഷണ സേനാംഗങ്ങളായുള്ളത്‌ 757പേർമാത്രം. തിരുവനന്തപുരം ഡിവിഷനിൽ 30 പേരുടെയും പാലക്കാട്‌ ഡിവിഷനിൽ 35 പേരുടെയും ഒഴിവുകളുണ്ട്‌. 1977ലെ സ്റ്റാഫ്‌ പാറ്റേൺ പ്രകാരമാണ്‌ ഇപ്പോഴും നിയമനം. നാഗർകോവിൽ ജങ്‌ഷൻ, ഡിആർഎം ഓഫീസുകൾ, തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത്‌, എറണാകുളം ജങ്‌ഷൻ, ഷൊർണൂർ ജങ്‌ഷൻ, കണ്ണൂർ, മംഗലാപുരം സെൻട്രൽ സ്‌റ്റേഷനുകളിൽമാത്രമാണ്‌ ഇപ്പോൾ ആർപിഎഫുകാരെ കാണാൻ കഴിയുന്നത്‌.

യാത്രക്കാരെ കുത്തിനിറച്ചാണ്‌ ട്രെയിനുകളുടെ സർവീസ്‌. ശരാശരി ഒന്പത്‌ ലക്ഷംപേർ ദിവസവും യാത്ര ചെയ്യുന്നതായാണ്‌ കണക്ക്‌. പ്രശ്‌നങ്ങളുണ്ടാകുന്പോൾ മാത്രമാണ്‌ സുരക്ഷാ സംവിധാനങ്ങൾ ഉണരുന്നത്‌. പ്ലാറ്റ്‌ഫോമുകളിലെയും ട്രെയിനുകളിലെയും പരിശോധന, ട്രെയിനുകളിൽ എസ്‌കോർട്ട്‌ തുടങ്ങിയവയാണ്‌ സംരക്ഷണ സേനയുടെ ചുമതല. എന്നാൽ പലപ്പോഴും ഇതൊന്നും നടക്കുന്നില്ല. പ്രധാനസ്‌റ്റേഷനുകളിൽ പല സിസിടിവി കാമറകൾ പ്രവർത്തിക്കുന്നില്ല. കോച്ചുകളിൽ കാമറ സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും നടപടി മന്ദഗതിയിലാണ്‌.

2019ൽ ലോക്‌സഭയിൽ റെയിൽവേമന്ത്രി മറുപടി നൽകിയത്‌ ദക്ഷിണ റെയിൽവെയിൽ 2986 മോഷണക്കേസുകളും വനിതായാത്രക്കാർക്കുനേരെ 980 അക്രമങ്ങളും റിപ്പോർട്ട്‌ ചെയ്തെന്നാണ്‌. ഓരോ വർഷവും കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ്‌ കണക്കുകൾ. 2025 മാർച്ചിൽ റെയിൽവേയിലുണ്ടായ കുറ്റകൃത്യങ്ങളെക്കുറിച്ച്‌ എംപിമാർ ചോദ്യം ഉന്നയിച്ചെങ്കിലും മന്ത്രി അശ്വിനി വൈഷ്‌ണവ്‌ കണക്ക്‌ നൽകിയില്ല. ആർപിഎഫിന്‌ ഇതുസംബന്ധിച്ച കണക്കില്ലെന്നായിരുന്നു മറുപടി. ഓരോ സംസ്ഥാനത്തെയും പൊലീസാണ്‌ രജിസ്‌റ്റർ ചെയ്യുന്ന കേസുകൾ അന്വേഷിക്കുന്നതെന്നാണ്‌ കാരണമായി പറഞ്ഞത്‌. കേരളത്തിൽ സർവീസ്‌ നടത്തുന്ന നൂറ്റിമുപ്പതോളം ട്രെയിനുകളിൽ, രണ്ടുജോടി വന്ദേഭാരത്‌ എക്‌സ്‌പ്രസും തിരുവനന്തപുരം – ചെന്നൈ എ സി സൂപ്പർഫാസ്‌റ്റ്‌ എക്സ്‌പ്രസും ഒഴിച്ചുള്ളവയെല്ലാം സുരക്ഷാഭീഷണി നേരിടുന്നവയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home