ട്രേസ് പദ്ധതി; 1000 പേർക്ക് ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് നല്‍കും: ഒ ആർ കേളു

തിരുവനന്തപുരം: ട്രേസ്(ട്രെയിനിങ്ങ് ഫോർ കരിയർ എക്‌സലൻസ്)പദ്ധതിയിൽ ജെഡിസി/ എച്ച്‌ഡിസി, ജേണലിസം മേഖലകളിലുള്‍പ്പെടെ പുതുതായി 1000 പേർക്ക് ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് നല്‍കുമെന്ന് മന്ത്രി ഒ ആർ കേളു സഭയെ അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പുതുതായി പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ആരംഭിക്കും. 2025-26 വർഷത്തിൽ 3,340 പേർക്ക് കൂടി ഭൂമി നൽകും. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങൾക്കും ഭൂമി ഉറപ്പുവരുത്തി ഭൂരഹിതരില്ലാത്ത ജില്ലകളായി പ്രഖ്യാപിക്കും. ആദിവാസി ഭൂരഹിതരില്ലാത്ത ആദ്യ സംസ്ഥാനമാകാന്‍ കേരളം ലക്ഷ്യമിടുകയാണെന്നും മന്ത്രി പറഞ്ഞു.
ആറളം, അട്ടപ്പാടി, വട്ടലക്കി, ഷോളയാര്‍ തുടങ്ങിയ ഫാമിംഗ് സൊസൈറ്റികള്‍, സുഗന്ധഗിരി, പ്രിയദർശിനി എസ്റ്റേറ്റുകള്‍, ചീനേരി എക്സ്റ്റന്‍ഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ അപെക്സ് സമിതി രൂപീകരിക്കും. "എൻ ഊര്' മാതൃകയിൽ ഹെറിറ്റേജ് ടൂറിസം, എത്‌നിക് ഫുഡ് സ്റ്റാർട്ടപ്പുകൾ എന്നിവ തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും ആരംഭിച്ച് ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തും. പുതുതായി 100 അംബേദ്കർ ഗ്രാമങ്ങളും ഓരോ ജില്ലയിലും ഓരോ മാതൃക അംബേദ്കർ ഗ്രാമങ്ങളും ആരംഭിക്കും.
ആധാര്‍, റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ വ്യക്തിഗത രേഖകള്‍ ഡിജിറ്റസ് ചെയ്യുന്ന എബിസിഡി പദ്ധതി സംസ്ഥാനതലത്തില്‍ പൂര്‍ത്തീകരിക്കും. ഗാന്ധിജിയുടെയും നാരായണ ഗുരുവിന്റേയും ദർശനങ്ങൾ സാമൂഹ്യ മാറ്റത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് പഠിക്കുന്നതിന് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ പ്രാദേശിക പഠനത്തിന് നടപടി സ്വീകരിക്കും. തിരുവനന്തപുരം അംബേദ്കർ ഭവനിൽ അയ്യങ്കാളി പഠനകേന്ദ്രം സ്ഥാപിക്കും.
സിഡിഎസിയു-മായി ചേര്‍ന്ന് വയനാട് നടപ്പാക്കിയ ഡിജിറ്റലി കണക്ടറ്റഡ് ട്രൈബല്‍ ഏരിയാസ് പദ്ധതി പാലക്കാട്, മലപ്പുറം ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കും. കരകൗശല നിര്‍മാണ തൊഴിലാളികളുടേയും കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികളുടേയും തൊഴിലിടങ്ങള്‍ ആധുനികവല്‍ക്കരിക്കാനും ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരം വിപണി ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഒ ആർ കേളു നിയമസഭയിൽ വ്യക്തമാക്കി.









0 comments